News

കോവളത്തെ സ്പായിൽ 16കാരിക്ക് ക്രൂരപീഡനം; ഒരു ദിവസം എത്തിയത് 15ഓളം പേർ, വഴങ്ങാത്തവർക്ക് പൊള്ളലേൽപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: പതിനാറുകാരിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് പൊലീസ്. ഒരു ദിവസം പതിനഞ്ചോളം പേർ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. വഴങ്ങാൻ വിസമ്മതിച്ചാൽ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ട്.

തുടർച്ചയായ പീഡനത്തെത്തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായതായും വിവരമുണ്ട്. പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിന് ആളെ നിയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ബംഗളൂരുവിലുള്ള ഒരു യുവതി മുഖേന സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ കോവളത്തെത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

സംഭവത്തിൽ മാതൃസഹോദരിയായ നാഗലക്ഷ്മിയെയും ഇവരുടെ ആൺസുഹൃത്ത് ഗോപിയെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് സ്പാ സന്ദർശകരുടെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്. ജൂലായ് മുതൽ സ്പായിലെത്തിയവരുടെ പട്ടിക പൊലീസ് തയ്യാറാക്കുന്നുണ്ട്. ഇതിൽ ഉൾപ്പെട്ടവരെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാനുള്ള നടപടികളുണ്ടാകും.

പെൺകുട്ടിയുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്നവർക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുക്കും.പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ദിവസേന 5,000 രൂപവരെ എത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ബാങ്ക് ഇടപാടുകൾ പരിശോധിക്കുന്നുണ്ട്. പെൺകുട്ടിയെ സ്പായിലെത്തിക്കുന്നതിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് പങ്കുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മാതൃസഹോദരിയുടെയും ഭർത്താവിന്റെയും കോൾ ഡീറ്റെയിൽ റെക്കോർഡുകളും പരിശോധിച്ചുവരികയാണ്.മാതാപിതാക്കൾ മരിച്ചുപോയതിനെത്തുടർന്ന് ജോലി തേടിയാണ് പെൺകുട്ടിയെ കോവളത്തേക്ക് കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. ഏകദേശം ഒരു വർഷം മുമ്പ് നാഗലക്ഷ്മിയും ഗോപിയും ചേർന്ന് കുട്ടിയെ ഇവിടെ എത്തിക്കുകയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്തുന്നതിനൊപ്പം മനുഷ്യക്കടത്ത് ശൃംഖലയുടെ വ്യാപ്തി തിരിച്ചറിയാനും പൊലീസ് ശ്രമം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button