News

പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ ഉറച്ച് സിപിഐ; എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്ന് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഈ പദവി സിപിഐക്ക് അർഹതപ്പെട്ടതാണെന്നും, ആ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിന്റെ പ്രവർത്തന ശൈലിയിലും സംസ്കാരത്തിലും മാറ്റം വരുത്താൻ സിപിഐക്ക് കടമയുണ്ടെന്നും, അതിന്റെ വെളിച്ചത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി യോഗം ചേരുമ്പോൾ ഈ വിഷയം ഔദ്യോഗികമായി ചർച്ച ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

സംസ്ഥാനത്ത് ജനകീയ പ്രസ്ഥാനങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമർത്താൻ ശ്രമം നടക്കുന്നുണ്ടെന്നും, പൊലീസ് നയം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. വിശന്നു നിൽക്കുന്ന ചെന്നായ്ക്കളെ പോലെയാണ് രാത്രിയിൽ ഹോസ്റ്റലിലേക്ക് പൊലീസ് കയറിയതെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിനെ കയറൂരി വിടുന്നത് നയത്തിന്റെ ഭാഗമാണെന്നും, ഡൽഹി പൊലീസിനെ കണ്ട് കേരള പൊലീസ് പഠിക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

ഇതോടൊപ്പം കോൺഗ്രസിനും ബിജെപിക്കുമെതിരെയും അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചു. കേരളത്തിലെ കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് അല്ലെന്നും, ഇവിടുത്തെ കോൺഗ്രസിന്റെ വഴികാട്ടി ആർഎസ്എസ് ആണെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഗാന്ധിയൻ നയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗ്യാനേഷ് കുമാറിനെതിരെയുള്ള അന്വേഷണം നേരായ വഴിക്ക് പോകണമെന്നും, അങ്ങനെ പോയാൽ പിന്തുണ നൽകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button