News

‘രാമൻ സമ്പന്നരുടെ ദൈവം, ശിവൻ ദരിദ്രരുടേത്’: വിവാദപരാമർശത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ബിജെപി

ഹൈദരാബാദ്: രാമനെയും ശിവനെയും താരതമ്യം ചെയ്തുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദപരാമർശത്തിൽ രൂക്ഷവിമർശനവുമായി ബിജെപി. രാമൻ സമ്പന്നരുടെയും ശിവൻ ദരിദ്രരുടെയും ദൈവമാണെന്ന പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.

സമൂഹത്തെ രാഷ്ട്രീയ നേട്ടത്തിനായി വിഭജിക്കാനാണ് രേവന്ത് റെഡ്ഡിയുടെ ശ്രമമെന്നാണ് ബിജെപിയുടെ ആരോപണം. തെലങ്കാനയിലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബണ്ടി സഞ്ജയ് കുമാറും രേവന്ത് റെഡ്ഡിയെ വിമർശിച്ച് രംഗത്തെത്തി. ‘മുസ്ലീം എന്നാൽ കോൺഗ്രസ് ആണ്, കോൺഗ്രസ് എന്നാൽ മുസ്ലീം ആണ്’ എന്ന് പറയുന്ന രേവന്ത് റെഡ്ഡി ഇപ്പോൾ ശ്രീരാമനും ശിവനുമിടയിൽ രാഷ്ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ വോട്ട് തേടുന്നതിനായി ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്ത രേവന്ത് റെഡ്ഡി ഇപ്പോൾ ജനങ്ങളെ ഭിന്നിപ്പിക്കാൻ ദൈവങ്ങളെ തന്നെ ഉപയോഗിക്കുകയാണെന്നും കോൺഗ്രസിന്റെ ഈ വിഭജന രാഷ്ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണമെന്നും സജ്ഞയ് കുമാർ ആവശ്യപ്പെട്ടു.കഴി‌ഞ്ഞ ദിവസം ഡൽഹിയിൽ നടന്ന പരിപാടിക്കിടെയായിരുന്നു രേവന്ത് റെഡ്ഡി വിവാദ പരാമർശം നടത്തിയത്.

ബിജെപി പതിവായി ജയ് ശ്രീറാം എന്ന് മുഴക്കുന്നത് ചോദ്യം ചെയ്ത അദ്ദേഹം എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും ഹര ഹര മഹാദേവ് എന്ന് മുഴക്കാത്തതെന്നും ചോദിച്ചു. തുടർന്നാണ് ശിവൻ ദരിദ്രരുടെയും രാമൻ സമ്പന്നരുടെയും ദൈവമാണെന്നുമുള്ള പരാമർശം. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ രേവന്ത് റെഡ്ഡിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button