News

‘രാധയുടെ അക്കൗണ്ടിൽ നിന്ന് 46 കോടി പോയിട്ടില്ല, 46 പൈസ പോലും പോയിട്ടില്ല’; സ്വത്തുതർക്കത്തിനിടെ മറന്നുപോയ കാര്യം ചൂണ്ടിക്കാട്ടി

നടി അംബികയും സഹോദരി രാധയും തമ്മിലുള്ള കോടികളുടെ സ്വത്തുതർക്കവും പരസ്‌പരമുള്ള വഞ്ചനാ ആരോപണങ്ങളും കേസും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിത്തുറന്നിരുന്നു. ദക്ഷിണേന്ത്യൻ സിനിമാലോകത്തെ ഒരു കാലത്തെ താരറാണിമാരായ അംബികയും രാധയും തങ്ങളുടെ അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ശതകോടികളുടെ ആസ്തിയെച്ചൊല്ലി പരസ്യ വിഴുപ്പലക്കലുകൾ നടത്തുന്നത് ദൗർഭാഗ്യകരമാണെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ തലമുറയിലെ സൗത്ത് ഇന്ത്യൻ താരറാണികളായിരുന്നു നടിമാരായ അംബികയും രാധയും. ഈ സഹോദരിമാർ ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. പണ്ടൊക്കെ ഇവർ വാർത്തകളിൽ നിറഞ്ഞിരുന്നത് അഭിനയമികവിന്റെയും സൗന്ദര്യത്തിന്റെയും സാഹോദര്യ സ്‌നേഹത്തിന്റെയും പ്രതീകമയായിരുന്നു. എന്നാൽ ഈ സഹോദരിമാ‌ർ ഇപ്പോൾ സ്വത്തിന്റെയും സ്വർണത്തിന്റെയും പേരിൽ പൊതുവിടത്തിൽ വന്നിരുന്നുകൊണ്ട് പരസ്‌പരം ചെളിവാരിയെറിഞ്ഞു വിഴുപ്പലക്കുകയാണ്.

എന്നാൽ ഇവർ ഇന്ന് ശതകോടികൾക്ക് വേണ്ടി കടിപിടികൂടുമ്പോൾ ഒരു കാര്യം മറന്നുപോകുന്നു. ഇവരുടെ അമ്മയായ കല്ലറ സരസമ്മ എന്ന സ്‌നേഹനിധിയായ അമ്മ സഹിച്ച ത്യാഗത്തിന്റെയും കഠിന പരിശ്രമത്തിന്റെയും ചരിത്രം.1977ൽ ഏതാണ്ട് 49 വർഷങ്ങൾക്ക് മുൻപ് ഞാൻ രാമു കാര്യാട്ട് സാറിന്റെ ‘ദ്വീപ്’ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തിരുന്നു. മിനിക്കോയ് ദ്വീപിലെ ആദ്യ ഷെഡ്യൂളിന് ശേഷം തിരുവനന്തപുരത്ത് മെരിലാൻഡ് സ്റ്റുഡിയോയിലായിരുന്നു രണ്ടാമത്തെ ഷെഡ്യൂൾ ഷൂട്ടിംഗ്. സംവിധായകൻ ഉൾപ്പെടെ എല്ലാവരും തങ്ങിയിരുന്നത് മെറിലാൻഡ് സ്റ്റുഡിയോയിൽ തന്നെയായിരുന്നു. ഒരു ദിവസം ഒരു ചെറുപ്പക്കാരി ഒരു കുട്ടിയുമായി മെറിലാൻഡ് സ്റ്റുഡിയോയുടെ ഗേറ്റിന് വെളിയിൽ നിൽക്കുന്നത് ഞാൻ കണ്ടു.

സെക്യൂരിറ്റി അവരെ അകത്തേക്ക് വിടാതെ തടഞ്ഞുനിർത്തിയിരിക്കുകയാണ്.ഞാൻ അവിടേക്ക് പോയി അവർ എന്നോട് പറഞ്ഞു’ മോനെ, എനിക്ക് രാമു കാര്യാട്ട് സാറിനെ ഒന്ന് കാണണം’ എന്ന് പറഞ്ഞുകൊണ്ട് ഒരു ന്യൂസ് പേപ്പർ കഷ്ണം എന്റെ നേരെ നീട്ടി. അത് ആ കുട്ടി ബാലജനസഖ്യത്തിന്റെ മത്സരത്തിൽ പങ്കെടുത്ത് പ്രൈസ് കിട്ടിയതിന്റെ ഫോട്ടോയും വാർത്തയുമായിരുന്നു. ഞാൻ അപ്പോൾ തന്നെ അവരെ കാര്യാട്ട് സാറിന്റെ മുന്നിലേക്ക് കൊണ്ടുപോയി പരിചയപ്പെടുത്തി. സാർ ആ കുട്ടിക്ക് സിനിമയിൽ ഒരു ചെറിയ വേഷവും നൽകി. ആ അമ്മയും മകളുമാണ് കല്ലറ സരസമ്മയും അംബികയും

അന്ന് ആ സ്റ്റുഡിയോയുടെ ഗേറ്റിൽ സെക്യൂരിറ്റി തടഞ്ഞുനിർത്തിയ അമ്മയും മകളും പിൽക്കാലത്ത് ആയിരക്കണക്കിന് കോടികളുടെ ആധിപതിയാകുമെന്നും മകൾ താരറാണിയായി മാറുമെന്നും അന്നെന്റെ മനസിന്റെ കോണിൽ പോലും ചിന്തിച്ചിരുന്നില്ല. തന്റെ മകളെ വലിയൊരു നടിയായി താരമായി മാറ്റുന്നതിനായി ഇതുപോലെ പല വാതിലുകളിലും അവർ മുട്ടി. പലതും അവർക്കായി തുറക്കപ്പെടുകയും ചെയ്തു. അങ്ങനെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും അതൊന്നും എടുത്തു പറയാവുന്നതായിരുന്നില്ല.പിന്നീട് നായികയായി ഒരു മുഴുനീള കഥാപാത്രമായി ശ്രദ്ധിക്കപ്പെടുന്നത് യൂസഫലി കേച്ചേരി സംവിധാനം ചെയ്ത് എംടി വാസുദേവൻ നായരുടെ ‘നീലത്താമര’ എന്ന ചിത്രത്തിലെ ‘കുഞ്ഞിമാളു’

എന്ന കഥാപാത്രത്തെ അനശ്വരമാക്കിക്കൊണ്ടാണ്. ആ കഥാപാത്രം അംബികയെ ഒരു നല്ല നടി എന്ന നിലയിൽ അടയാളപ്പെടുത്തി. പിന്നീട് അവരുടെ ഒരു ജൈത്രയാത്രയായിരുന്നു. മലയാള സിനിമയിലെ അക്കാലത്തെ എല്ലാ സൂപ്പർ നായകന്മാരുടെയും നായികയായി അവർ അഭിനയിച്ചു. കൈനിറയെ ചിത്രങ്ങളും ഒപ്പം പ്രശസ്തിയുടെ പടവുകളും കയറാൻ തുടങ്ങി.അംബിക ശരിക്കും കഷ്ടപ്പാടുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും ത്യാഗങ്ങൾ സഹിച്ചുമാണ് ഉന്നതിയുടെ പടവുകൾ ചവിട്ടിക്കയറിയത്. എന്നാൽ അനുജത്തി രാധ ചേച്ചിയുടെ പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും തണൽ പറ്റിക്കൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്. ഒരർത്ഥത്തിൽ അംബിക ഇല്ലായിരുന്നെങ്കിൽ രാധ എന്ന നടി ഉണ്ടാകില്ലെന്ന് തന്നെ പറയാം.

ഭാരതിരാജ സംവിധാനം ചെയ്ത ‘അലൈകൾ ഓയിവതില്ലൈ’ എന്ന ചിത്രത്തിൽ കാർത്തിക്കിന്റെ നായികയായിട്ടായിരുന്നു രാധയുടെ അരങ്ങേറ്റം. ആ ചിത്രം എക്കാലത്തെയും ഒരു സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. പിന്നീട് രാധയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒരു കാലത്ത് ഈ സഹോദരിമാർ തമിഴ് സിനിമ അടക്കി വാഴുകയായിരുന്നു. തമിഴിലെയും തെലുങ്കിലെയും എല്ലാ സൂപ്പർ നായകന്മാരോടൊപ്പവും ഇവർ നിറഞ്ഞാടി. മക്കളുടെ ഈ ഉയർച്ചയിൽ സരസമ്മ എന്ന അമ്മ ഒരിക്കലും അമിതമായി ആഹ്ലാദിക്കുകയോ അമിതമായി അഹങ്കരിക്കുകയോ ചെയ്തിട്ടില്ല.

സരസമ്മച്ചേച്ചിയുടെ സ്വഭാവത്തിലെ ഒരു പ്രത്യേകത ഭൂമി വാങ്ങിക്കൂട്ടുക എന്നതാണ്. എത്ര ഭൂമി വാങ്ങിക്കൂട്ടിയാലും അവർക്ക് തൃപ്തിയാകില്ല. തന്റെ കുട്ടികൾ അഭിനയിച്ച് കിട്ടുന്ന പ്രതിഫലം പാഴാക്കിക്കളയാതെ അപ്പോഴപ്പോൾ അതിന് ഭൂമി വാങ്ങുമായിരുന്നു. സരസമ്മച്ചേച്ചിയുടെ ഇളയമകൻ സുരേഷ് എന്റെ ഒരു പടത്തിൽ നായകനായി അഭിനയിച്ചിരുന്നു. ആ സമയത്ത് സുരേഷ് എന്നോട് അമ്മയുടെ ഭൂമി വാങ്ങിക്കൂട്ടലിനെക്കുറിച്ച് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.’തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തുരിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആ സ്ഥലത്തെക്കുറിച്ച് അമ്മ പറഞ്ഞു.

ഇനി അവിടെ വലിയ വികസനം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇപ്പോൾ അവിടെ സ്ഥലത്തിന് തീരെ വിലകുറവാണെങ്കിൽ ഇനി വലിയ രീതിയിൽ വില കൂടാൻ സാദ്ധ്യതയുണ്ട്. അമ്മ അങ്ങനെ പറഞ്ഞ് അവിടെ പോയി ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്തു. അങ്ങനെ കേരളത്തിലും തമിഴ്നാട്ടിലുമായി പലയിടങ്ങളിലും വസ്തുക്കൾ വാങ്ങി’ എന്ന് സുരേഷ് പറഞ്ഞു. ഈ വസ്തുക്കളെല്ലാം കൂടിക്കിടന്ന് ഇന്നത് ആയിരക്കണക്കിന് കോടികളുടെ ആസ്തിയായി മാറിയിരിക്കുകയാണ്. അവിടെയാണ് ആ അമ്മയുടെ ദീർഘവീക്ഷണം നാം മനസിലാക്കേണ്ടത്. രാധ പറഞ്ഞത് തന്റെ സഹോദരിയായ അംബികയും സഹോദരനായ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തുവെന്ന രീതിയിലാണ്.

അത് മറ്റുള്ളവർ വിശ്വസിക്കും വിധം അതിനോട് ചേർന്ന് പല ഉപകഥകളും അവർ വിവരിച്ചിരുന്നു. എന്നാൽ ഇവിടെ നമ്മൾ മനസിലാക്കേണ്ട ഒരു സത്യമുണ്ട്. രാധയുടെ അക്കൗണ്ടിൽ നിന്നും 46 കോടി പോയിട്ട് 46 പൈസ പോലും പോയിട്ടില്ല. ഇത് രാധയുടെ ഭർത്താവായ രാജശേഖരൻ സാക്ഷ്യപ്പെടുത്തിയതുമാണ്. രാധ പറഞ്ഞ ഈ കഥകൾ കേട്ട പൊതുമാദ്ധ്യമങ്ങൾ അത് ഏറ്റെടുത്ത് വലിയ ആഘോഷമാക്കി. ഇത് അംബികയുടെ ഇമേജിന് വലിയ അവമതിപ്പുണ്ടാക്കി.

എന്നാൽ സിനിമയിലെ ക്ലൈമാക്സ് പോലെ അംബിക പ്രത്യക്ഷപ്പെട്ട് രാധയുടെ വാദങ്ങളെ അപ്പാടെ പൊളിച്ചടുക്കി.കുടുംബത്തിൽ ഒതുങ്ങിനിൽക്കേണ്ട സ്വത്തുതർക്കവും വിഴുപ്പലക്കലും പൊതുമദ്ധ്യത്തിൽ കൊണ്ടുചർച്ചക്കിട്ടും കൊടുത്തതിൽ നിന്നും നിങ്ങൾക്ക് എന്താണ് നേടാൻ കഴിഞ്ഞത്. ഇന്ന് ഈ കാണുന്ന സർവപ്രതാപത്തിനും കാരണക്കാരിയായ നിങ്ങളുടെ അമ്മയുടെ ആ മുഖം ഒന്ന് ഓർത്തിരുന്നുവെങ്കിൽ നിങ്ങൾ ഇത്തരം കോമാളിത്തരത്തിന് മുതിരില്ലായിരുന്നു. രാധ കുറച്ചുകൂടി പക്വത കാട്ടിയിരുന്നുവെങ്കിൽ ഈ വിഷയം ഇത്ര വഷളാകില്ലായിരുന്നു. സത്യം കോടതിയും പൊലീസും തെളിയിക്കട്ടെ’- ആലപ്പി അഷ്റഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button