അരവണ പ്രതിസന്ധി രൂക്ഷം; നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡിന്റെ തത്രപ്പാട്

തിരുവനന്തപുരം: ശബരിമലയിയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ഊർജിതശ്രമം തുടങ്ങി ദേവസ്വം ബോർഡ്. അരവണ തയ്യാറാക്കുന്ന 12 വാർപ്പുകളുടെയെങ്കിലും നിർമാണം വേഗത്തിലാക്കാൻ നീക്കം തുടങ്ങി. ഒക്ടോബർ 7 നു മുൻപ് നിർമാണം ഭാഗികമായി തീർക്കാനാണ് ശ്രമം.
നിലവിൽ ആകെ 26 വാർപ്പുകളാണ് പ്ലാന്റിൽ ഉള്ളത്. വരുന്ന തുലാമാസ പൂജയ്ക്ക് അരവണ പ്രതിസന്ധി മറികടക്കുകയാണ് ദേവസ്വം ബോർഡ് ഊർജിതശ്രമം നടത്തുന്നത്. ശബരിമല സ്പെഷ്യൽ കമ്മിഷണറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും സീസണിലെ ആശങ്ക നീങ്ങിയിട്ടില്ല.
അരവണ പ്രതിസന്ധി മണ്ഡലകാലത്തെയും ബാധിക്കുമെന്നാണ് നിലവിലെ ആശങ്ക. പ്ലാന്‍റ് പുനർനിർമാണത്തിലെ മെല്ലെപോക്ക് കൂടിയാണ് ഈ ആശങ്കയ്ക്ക് കാരണം. അരവണ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനം തുടങ്ങിയാലെ കരുതൽ ശേഖരം ഉറപ്പാക്കാനാകൂ.
70 ലക്ഷം അരവണ സീസൺ കാലത്ത് ഉറപ്പാക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ അവലോകനയോഗ തീരുമാനം. എന്നാൽ തുലാമാസ പൂജയ്ക്ക് തൊട്ട് പിന്നാലെ അരവണ പ്ലാന്റ് പൂർണതോതിൽ പ്രവർത്തിച്ചാലെ 50 ലക്ഷം എങ്കിലും കരുതാനാകൂവെന്നാണ് വിലയിരുത്തുന്നത്. അതേസമയം ശബരിമല പ്രതിസന്ധിയിൽ പരിഹാരം കാണാൻ ദേവസ്വം മന്ത്രി കെ മുരളീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച്ച ഇന്ന് നടക്കും.
ഒക്ടോബർ 13 ന് മുൻപ് അരവണ പ്ലാന്‍റിന്‍റെ നിർമാണ ജോലികൾ പൂർത്തിയാകും എന്നായിരുന്നു വിവരം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജോലികൾ പൂർത്തിയാകാൻ സാധ്യതയില്ല. തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തും അരവണ പ്രതിസന്ധി തുടർന്നേക്കും.
ശർക്കര സംഭരണത്തിലും ഗുരുതര അനാസ്ഥ കണ്ടെത്തിയിട്ടുണ്ട്. കരാർ കമ്പനികളുമായി എഗ്രിമെന്‍റ് ഒപ്പിടുകയോ സാമ്പിൾ പരിശോധന നടക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല കരാർ വൈകിയതുകൊണ്ട് നാലു കോടിയുടെ അധിക ചെലവും ഉണ്ടായി. മുൻവർഷങ്ങളിൽ ഓഗസ്റ്റ് മാസത്തില്‍ ശർക്കര സന്നിധാനം ഗോഡൗണിൽ എത്തി തുടങ്ങിയിരുന്നു.




