‘ലോക കേരളസഭ തുടരില്ല, അതിനായി ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ല’; വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിലൊരു മാറ്റവുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് ഈ സർക്കാരിന്റെ പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ലോക കേരളസഭ സെക്രട്ടേറിയറ്റിന് നിലവിൽ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കും മാത്രമാണ് നിലവിൽ തുക അനുവദിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്നും ഓഫീസ് അറിയിച്ചു.




