വാഴവറ്റയിലെ വീട് തന്റേതല്ല’; ആന്റോ അഗസ്റ്റിന്റെ വാദം ചോദ്യം ചെയ്ത് പുതിയ ജിഎസ്ടി രേഖ പുറത്ത്

വയനാട്: മദ്യശേഖരം പിടികൂടിയ വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലല്ലെന്ന റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വാദം ചോദ്യം ചെയ്യുന്ന പുതിയ രേഖ പുറത്ത്. ജിഎസ്ടി വകുപ്പിന് ആന്റോ അഗസ്റ്റിൻ നൽകിയ മേൽവിലാസം വാഴവറ്റയിലെ വീട്ടിന്റേതാണെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്.
കഴിഞ്ഞ മാസം മൂന്നിന് ജിഎസ്ടി ഓഫീസിൽ നേരിട്ട് ഹാജരായി നൽകിയ മൊഴിയിലാണ് വാഴവറ്റയിലെ വീടിന്റെ വിലാസം ആന്റോ അഗസ്റ്റിൻ നൽകിയതെന്നാണ് റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഏകദേശം 25 കോടി രൂപയുടെ നികുതി അടച്ചില്ലെന്ന പരാതിയിൽ ജിഎസ്ടി വകുപ്പ് ആന്റോയ്ക്ക് തുടർച്ചയായി സമൻസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഓഫീസിൽ ഹാജരായി മൊഴി നൽകിയതെന്നാണ് വിവരം.
അതേസമയം, അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ മദ്യശേഖരം പിടികൂടിയ വാഴവറ്റയിലെ വീട് തന്റേതല്ലെന്നും ഭാര്യാമാതാവിന്റേതാണെന്നുമാണ് കോടതിയിൽ വാദിച്ചത്.
വീട് ആന്റോ അഗസ്റ്റിന്റെ പേരിലാണെന്ന് വ്യക്തമാക്കുന്ന രേഖകൾ നേരത്തെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ആന്റോയുടെ പേരിൽ നികുതി അടച്ച രസീതും ഇതിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ ദിവസം മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും നൽകിയ സർട്ടിഫിക്കറ്റിലും വീട് ആന്റോയുടെ പേരിലാണെന്ന് വ്യക്തമാക്കുന്നതായി പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ജിഎസ്ടി വകുപ്പിൽ നൽകിയ മൊഴിയിലെ വിലാസം സംബന്ധിച്ച രേഖയും പുറത്തുവന്നിരിക്കുന്നത്. പുതിയ രേഖ കേസിലെ വീടിന്റെ ഉടമസ്ഥത സംബന്ധിച്ച വാദങ്ങളിൽ നിർണായകമാകുമോയെന്നാണ് ഇനി ശ്രദ്ധേയമാകുന്നത്.




