കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് തീരുമാനിക്കും, പവർ കട്ട് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഷാഫി പറമ്പിൽ

കെപിസിസി പ്രസിഡൻ്റിനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമെടുക്കും. നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടേയും പേര് ഉയർന്ന് വന്നിട്ടില്ല. വിഷയത്തിൽ പ്രചാരണം നടത്തേണ്ടത് മാധ്യമങ്ങളല്ല. ഹൈക്കമാൻഡ് തീരുമാനിക്കുന്നതിന് അപ്പുറത്തേക്ക് അഭിപ്രായം പറയാൻ താൻ ആളല്ലെന്നും തൻ്റെ വ്യക്തിപരമായ പ്രതീക്ഷയോ അനിഷ്‌ടമോ ഇതിൽ വ്യക്തമാക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെയുള്ള പൊലീസ് നടപടിയെ ഷാഫി പറമ്പിൽ ന്യായീകരിച്ചു. എഫ്ഐആർ ഇട്ട കേസിൽ റെയ്ഡ് നടത്തിയത് കൊണ്ട് എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. വിവിധ തട്ടിപ്പുകളിൽ നിന്ന് അഭയം തേടാനാണ് ആൻ്റോ അഗസ്റ്റിൻ മാധ്യമ ഉടമയായത്. പണം കൊണ്ട് വാങ്ങാനുള്ള ഒന്നല്ല മാധ്യമ പ്രവർത്തനം. തൻ്റെ തട്ടിപ്പുകൾ കാരണം പൊലീസിൻ്റെയും റെയ്ഡിൻ്റെയും മുന്നിൽ നിൽക്കേണ്ടി വരുമെന്ന് അറിയാവുന്നത് കൊണ്ടാണ് അതിനെ പ്രതിരോധിക്കാൻ ആൻ്റോ മാധ്യമ രംഗത്തേക്ക് കടന്നത്. ഇവിടെ മാധ്യമ പ്രവർത്തനത്തിന് നേരെയല്ല കടന്നുകയറ്റം ഉണ്ടായത്, മറിച്ച് തട്ടിപ്പുകാർക്കെതിരെയാണ്. അതിനാൽ ആൻ്റോ അഗസ്റ്റിൻ മാധ്യമപ്രവർത്തകനെന്ന ലേബലിലേക്ക് മാറിയതിലും അവിടെ റെയ്ഡ് നടന്നതിലും വലിയ തെറ്റോ അപകടമോ ഇല്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
പവർ കട്ട് കാരണം നിലവിൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടെന്നത് വാസ്തവനാണ്. മുൻപ് പിണറായി കാവൽ സർക്കാറായിരുന്ന കാലത്തും സമാനമായ പവർ കട്ട് ഉണ്ടായിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ കെ.സി. വേണുഗോപാലിൻ്റെ ഇടപെടലുണ്ട്. ഇത് ഒരു രാത്രി കൊണ്ട് തീരുന്ന പ്രശ്‌നമല്ലെന്നും പൂർണ്ണ പരിഹാരത്തിന് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിഎംആർഎൽ കേസിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും തങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആരാധകവൃന്ദമല്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.




