പാർട്ടിയിൽ പാർലമെന്ററി വ്യാമോഹം പിടിമുറുക്കി’; മാറ്റങ്ങൾ നേരത്തെ വേണമെന്ന് തുറന്നടിച്ച് നേതാവ്

കോഴിക്കോട്: പാർട്ടിയിൽ മാറ്റങ്ങൾ വരുത്താനുള്ള സൽബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കിൽ നന്നാകുമായിരുന്നെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക്. തോറ്റപ്പോഴാണ് പാർട്ടിയിലുള്ള പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചും നേതാക്കൾക്കിടയിൽ പാർലമെന്ററി വ്യാമോഹം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയെ സംബന്ധിച്ചുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്ക്.
ഞങ്ങൾ കേരളത്തിൽ 30 വർഷമല്ലെ ജയിച്ചിട്ടുള്ളൂ. ജയിച്ചതിനെക്കാൾ കൂടുതൽ തോറ്റ വർഷങ്ങളല്ലേ. ഇത് പത്ത് വർഷം തുടർച്ചയായി ഭരിച്ചുവെന്നതാണ് അത്ഭുതം. ഒരു സംശയവും വേണ്ട, 2029 ഞങ്ങളുടേതാണ്. ദൗർബല്യങ്ങൾ എങ്ങനെ മറികടക്കാം എന്നതാണ് ഞങ്ങൾ ചർച്ചചെയ്തത്. അങ്ങനെയൊരു പരിപാടിക്ക് രൂപം നൽകിയിട്ടാണ് ഈ സമ്മേളനം അവസാനിച്ചത്.കുറച്ചുകൂടി നേരത്തെ സൽബുദ്ധി തോന്നിയിരുന്നെങ്കിൽ നന്നായിരുന്നു. നമുക്കെല്ലാം ഒരു തിരിച്ചടി വരുമ്പോഴല്ലെ പുനർചിന്തിക്കുന്നത്.
ഇപ്പോൾ നമ്മൾ ആലോചിച്ചു, തീരുമാനിച്ചു. തീരുമാനം നടപ്പാകും. ജയിച്ചുകൊണ്ടിരിക്കുമ്പോൾ മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യം ഇല്ലല്ലോ. തോറ്റുകഴിഞ്ഞപ്പോഴല്ലേ എന്തോ പ്രശ്നമുണ്ടെന്ന് നമുക്ക് മനസിലായത്. പത്ത് വർഷം തുടർച്ചയായി ഭരിക്കുമ്പോൾ അതിലൊരു സുഖവും വ്യാമോഹവും തോന്നും. ഇനി ഭരണം മതി സമരം വേണ്ട എന്നുള്ള ചിന്തകളുണ്ടാകും. അപ്പോൾ സംഘടനകളുടെ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടാകാതിരുന്നുകാണും. ഞങ്ങളിനി അതെല്ലാം ഒന്ന് നന്നാക്കാൻ തീരുമാനിച്ചിരിക്കുവാണ്. സംഘടനാപരമായ വീഴ്ചകൾ ഞങ്ങൾ പരിഹരിക്കും’- തോമസ് ഐസക്ക് പറഞ്ഞു.




