ഇൻസ്റ്റഗ്രാമിൽ ₹199 സബ്സ്ക്രിപ്ഷൻ; ഋഷഭ് സിംഗിനെതിരെ വിമർശനം, ‘സൈന്യത്തിന് നാണക്കേട്’ എന്ന് ആരോപണം

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുൻ എഡിസി (എയ്ഡ്-ഡി-ക്യാമ്പ്) മേജർ ഋഷഭ് സിംഗ് സാംബ്യാൽ അടുത്തിടെയാണ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദേശം 12 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. ഒരു മകന്റെ കടമകൾ തനിക്ക് ചെയ്യാനുണ്ടെന്നും അതിനുവേണ്ടിയാണ് വിരമിക്കുന്നതെന്നുമാണ് രാജ് ഷമാനിയുമായി നടത്തിയ പോഡ്കാസ്റ്റിൽ ഋഷഭ് പറഞ്ഞത്. രാഷ്ട്രപതിയുടെ എഡിസിയായി പ്രവർത്തിച്ചിരുന്നപ്പോൾ തന്നെ ഋഷഭിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി ആരാധകരാണ് അദ്ദേഹത്തിന് ഉള്ളത്.
ഇപ്പോഴിതാ ഇൻസ്റ്റഗ്രാം സബ്സ്‌ക്രിപ്ഷൻ ആരംഭിച്ചിരിക്കുകയാണ് ഋഷഭ്. 199 രൂപ അടച്ചാൽ ഒരു മാസത്തേക്ക് ഋഷഭ് സിംഗ് സാംബ്യാലിന്റെ പേജിൽ സബ്സ്‌ക്രിപ്ഷൻ എടുക്കാം. ഇതുവരെ ആയിരത്തോളം പേരാണ് സബ്സ്‌ക്രിപ്ഷൻ എടുത്തിരിക്കുന്നത്. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ ചർച്ചകൾക്ക് ഇടയാക്കി. ജാട്ട് റെജിമെന്റിലും 4 പാരാ സ്‌പെഷ്യൽ ഫോഴ്സിലും 12 വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പേജിൽ 199രൂപയ്ക്ക് സബ്സ്‌ക്രിപ്ഷൻ അവതരിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. മുൻ സൈനിക ഉദ്യോഗസ്ഥൻ ഉള്ളടത്തിന് പണം ഈടാക്കുന്നത് സൈന്യത്തിന് നാണക്കേടാണെന്ന് ചിലർ ആരോപിക്കുന്നു. എന്നാൽ വിരമിച്ചതിനുശേഷം പുതിയ പ്രൊഫഷണൽ അവസരങ്ങളും വരുമാന മാർഗങ്ങളും തേടാൻ അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ചിലർ വാദിക്കുന്നുണ്ട്.



