KeralaNews

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി: ‘എനിക്കെതിരെയും വിമര്‍ശനമുണ്ടായി’: എം വി ഗോവിന്ദന്‍

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ നടന്നത് ആരോഗ്യകരമായ ചര്‍ച്ചകളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമര്‍ശനങ്ങളുയര്‍ന്നെന്ന കാര്യം എന്തോ അത്ഭുതം പോലെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ഉണ്ടാകുന്നതാണ് സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റികള്‍ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തിരുത്തല്‍ പ്രക്രിയയ്ക്ക് ഉതകുന്ന നിലയിലുള്ള ചര്‍ച്ച സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായി. മത നിരപേക്ഷ ഉള്ളടക്കത്തോടെ ജനാധിപത്യ കേരളത്തെ രൂപപ്പെടുത്തുക എന്നതും യോഗത്തിന്റെ ഉന്നമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും അത് നടപ്പിലാക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനത്തിനെതിരെയും പ്രതിരോധം ഉയര്‍ത്താനുള്ള ചര്‍ച്ചകളുണ്ടായി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ചര്‍ച്ച ഉയര്‍ന്നെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എല്ലാ ആഘോഷങ്ങളും എല്ലാ ജനവിഭാഗങ്ങളുടേതുമാക്കി മാറ്റാന്‍ ശ്രമം നടത്തണമെന്നും പ്രതിനിധി സഖാക്കള്‍ ചര്‍ച്ച ഉയര്‍ത്തി. വിശ്വാസികളെ ഒഴിവാക്കി വര്‍ഗീയതക്കെതിരെ പോരാട്ടം സാധ്യമല്ല. പാര്‍ട്ടി വിദ്യാഭ്യാസത്തിന് പ്രത്യേക ആപ്പുകള്‍ വേണമെന്ന് നിര്‍ദേശം ഉയര്‍ന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പഠന ഗവേഷണ കേന്ദ്രങ്ങളുടെ ഉയര്‍ച്ചയും നവമാധ്യമ രംഗത്തെ ഇടപെടലും ചര്‍ച്ചയായി.

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് ചര്‍ച്ചക്ക് അവസരം നിഷേധിച്ചെന്ന പ്രചരണത്തില്‍ പ്രതികരിച്ച അദ്ദേഹം സംസ്ഥാന കമ്മിറ്റി നേരത്തെ ചര്‍ച്ച ചെയ്താണ് രേഖ തയ്യാറാക്കിയതെന്ന് വ്യക്തമാക്കി. 19 സഖാക്കള്‍ നിലവില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞു എന്ന് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ പാര്‍ട്ടി ഇടപെടും. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ദേശീയതലത്തില്‍ പൊതുവേദി രൂപപ്പെടുത്തണമെന്നും എല്ലാ ജില്ലകളും ഇഡി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയില്‍ തനിക്കെതിരെയും വിമര്‍ശനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റിയിലെ എല്ലാ നേതാക്കള്‍ക്കെതിരെയും വിമര്‍ശനമുണ്ടായി എന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു ദിവസത്തെ സമ്മേളന സെഷന്‍ അവസാനിക്കുമ്പോള്‍ റിപ്പോര്‍ട്ട് തിരിച്ചു വാങ്ങുന്നത് സാധാരണ രീതി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button