
തിരുവനന്തപുരം വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ക്രിസ്റ്റിയുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ പോലീസ് കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവു ശേഖരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന ക്രിസ്റ്റിയുടെ മൊഴിയിൽ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉടൻ പുറത്തുവരും.
കഴിഞ്ഞ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളായ ഇവാനയെയാണ് മാതാവ് കൊല്ലപ്പെടുത്തിയത്. മാതാപിതാക്കളുടെ നാലാം വിവാഹ വാർഷിക ദിനത്തിൽ ആയിരുന്നു അരുംകൊല. ഇവാനയുടെ മൃതേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ച് പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം വീട്ടിനുള്ളിലെ മുറിയിലാണ് മൃതദേഹം സംസ്കരിച്ചത്. വിഷം കഴിച്ചെന്ന സംശയത്തിൽ ക്രിസ്റ്റിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
ഇവരുടെ അറസ്റ്റ് മലയിൻകീഴ് പോലീസ് രേഖപ്പെടുത്തി. ഭർത്താവായ അഭിജിത്തിന് തന്നെ സംശയമാണെന്നാണ് ക്രിസ്റ്റി പോലീസിന് നൽകിയ മൊഴി. ഇതിൻറെ പേരിൽ വഴക്കിടാറുണ്ടായിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞിനെ കൊന്ന് താനും ആത്മഹത്യചെയ്യാൻ തീരുമാനിച്ചതെന്ന് ക്രിസ്റ്റി പൊലീസിന് മുൻപാകെ മൊഴി നൽകി. അതേസമയം ക്രിസ്റ്റിയ്ക്ക് മറ്റു മാനസികപ്രശ്നങ്ങൾ ഉണ്ടോ എന്നതാണ് പോലീസിന്റെ സംശയം. ഇക്കാര്യത്തിലും പൊലീസ് വ്യക്തത വരുത്തും.




