News

മദ്ധ്യേഷ്യൻ പര്യടനത്തിന് തുടക്കമിട്ട് മോദി; താഷ്‌കന്റിൽ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം

താഷ്‌കന്റ്: നാല് ദിവസത്തെ മദ്ധ്യേഷ്യൻ പര്യടനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്‌ച ഉസ്‌ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കന്റിലെത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് ഷവ്‌കത് മിർസിയോയേവ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ആഗസ്റ്റ് 29 മുതൽ സെപ്‌റ്റംബർ ഒന്നുവരെയാണ് പ്രധാനമന്ത്രിയുടെ മദ്ധ്യേഷ്യൻ പര്യടനം നിശ്ചയിച്ചിരിക്കുന്നത്.

ഇത് നാലാംതവണയാണ് നരേന്ദ്ര മോദി ഉസ്‌ബക്കിസ്ഥാൻ സന്ദർശിക്കുന്നത്. പ്രസിഡന്റ് മിർസിയോയേവുമായുള്ള നരേന്ദ്രമോദിയുടെ പ്രതിനിധി ചർച്ച ഇന്ന് നടക്കും. വ്യാപാരം, നിക്ഷേപം, ഡിജിറ്റൽ ബന്ധം, പ്രതിരോധം, ഊർജം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഉസ്‌ബെക്കിസ്ഥാനിലെ ഔദ്യോഗിക സന്ദർശനത്തിന്ശേഷം കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ഷാ‌ങ്‌ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കും.

നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ – ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ നരേന്ദ്രമോദിക്കൊപ്പം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പങ്കെടുക്കും. ലോകനേതാക്കളുമായുള്ള മോദിയുടെ കൂടിക്കാഴ്ച നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായകമാകും. ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരതയും സമാധാനവും നിലനിറുത്താനുള്ള ശ്രമം ഷീ ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും. വ്യാപാര, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കലായിരിക്കും പുട്ടിനുമായുള്ള ചർച്ചയിലെ പ്രധാന അജൻഡ.അതേസമയം, ചൈനയുമായി അടുപ്പം പുലർത്തുന്ന ഉസ്ബെക്കിസ്ഥാനിൽ മോദിക്ക് ഊഷ്മള സ്വീകരണം.

പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ വ്യാപാരബന്ധം വിപുലീകരിക്കാനുള്ള ചർച്ചകൾ നടക്കും. നാളെയേ കിർഗിസ്ഥാനിലേക്ക് പോകൂ.വിദേശകാര്യമന്ത്രി എസ്.ജയ‌്ശങ്കർ റഷ്യൻ പ്രസിഡന്റ് പുടിനുമായി മോസ്‌കോയിലും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ബീജിംഗിലെത്തി ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ സെംഗ്,​ വിദേശകാര്യമന്ത്രി വാങ് യീ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രിഷെഹ്ബാസ് ഷെരീഫും ഉച്ചകോടിക്ക് എത്തുന്നുണ്ട്.

ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ മോദി-ഷെരീഫ് കൂടിക്കാഴ്ചയുണ്ടാകുമോയെന്നത് പ്രധാനമാണ്. അടുത്തവർഷത്തെ ഉച്ചകോടി പാകിസ്ഥാനിലാണ്. പങ്കെടുക്കണമോയെന്ന് ഉചിതസമയത്ത് തീരുമാനിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. സെപ്‌തംബർ 12, 13 തീയതികളിലായി ഡൽഹിയിൽ നിശ്ചയിച്ചിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും പുടിനും ഷീ ജിൻപിംഗും എത്തിയേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button