മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: വീഡിയോ ഫോറൻസിക് പരിശോധനയ്ക്ക്; ചേന്തി അനിലിന്റെ ശബ്ദസാമ്പിൾ ശേഖരിക്കാൻ പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിന്റെ വീഡിയോ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ്. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനാണ് പരിശോധന. ചേന്തി അനിലിന്റെ ശബ്ദസാമ്പിൾ ശേഖരിക്കും. വീഡിയോയിലുള്ള ശബ്ദം അനിലിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് ഫോറൻസിക് പരിശോധന. അനിലിനെതിരെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന കുറ്റവും ചുമത്തിയിരുന്നു. അനിലിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നാണ് പൊലീസ് പറയുന്നത്. ശബ്ദ സാമ്പിൾ ജയിലിലെത്തി ശേഖരിച്ചാൽ മതിയെന്നും മറ്റ് തെളിവെടുപ്പുകളുടെ ആവശ്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ചേന്തി അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, യാത്ര തടയൽ എന്നീ വകുപ്പുകൾ ചുമത്തി ശ്രീകാര്യം പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് വഞ്ചിയൂർ കോടതിയുടെ നടപടി. എന്നാൽ, മുഖ്യമന്ത്രിയെ തടഞ്ഞിട്ടില്ലെന്നും ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ഉണ്ടായതെന്നുമാണ് അനിലിന്റെ വാദം.
സംഭവത്തെ തുടർന്ന് ചേന്തി അനിലിനെ കെ.പി.സി.സി നിർദ്ദേശ പ്രകാരം പ്രാഥമികാംഗത്വത്തിൽ നിന്ന് തിരുവനന്തപുരം ഡി.സി.സി പുറത്താക്കി. അതേസമയം, ഗ്രൂപ്പിസത്തിന്റെ ഭാഗമാണ് നടപടിയെന്ന് അനിൽ ആരോപിച്ചു.വെള്ളിയാഴ്ച വൈകിട്ട് ഉള്ളൂരിന് സമീപം ചേന്തിയിൽ വച്ചാണ് സംഭവം. മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബരകുറുപ്പ് അടക്കമുള്ളവരെക്കണ്ട മുഖ്യമന്ത്രി വാഹനം നിറുത്തി ഇറങ്ങിയപ്പോൾ ചേന്തി അനിലിന്റെ നേതൃത്വത്തിൽ മാർഗ്ഗ തടസം ഉണ്ടാക്കിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
‘ഏറ്റിരുന്ന പരിപാടിക്ക് വരാത്തതെന്തെന്ന് ‘ അനിൽ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ ‘നീ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് ‘ മുഖ്യമന്ത്രി പ്രതികരിച്ചു. ‘ചൂടായാൽ എന്തുചെയ്യുമെന്ന് ‘ അനിൽ തിരിച്ചു ചോദിച്ചെന്നും എഫ്ഐആറിലുണ്ട്.മുഖ്യമന്ത്രിയോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെ ഔദ്യോഗിക ചുമതല തടസപ്പെടുത്തിയതിന് വെള്ളിയാഴ്ച രാത്രിയോടെയാണ് ശ്രീകാര്യം പൊലീസ് ചേന്തി അനിലിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.




