News

കണ്ണൂർ സിപിഎമ്മിന് പ്രഹരമായി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം

കണ്ണൂർ: കണ്ണൂർ സിപിഎമ്മിന് പ്രഹരമായി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. പാർട്ടി നേതൃത്വത്തിലുള്ള നോർത്ത് മലബാർ എഡ്യൂക്കേഷനൽ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ രംഗത്തെത്തിരിക്കുന്നത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ഭാരവാഹികളായുള്ള ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യനാണ്. 2015ലാണ് ഇരിട്ടി കേന്ദ്രമായി ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. അന്നത്തെ ഇരിട്ടി സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണിത്.

കോളേജ് തുടങ്ങുമെന്ന് വാഗ്ദാനം നൽകി പതിനായിരത്തിലധികം ആളുകളിൽ നിന്ന് 1,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ തുക സമാഹരിച്ചു. പാർട്ടിയുടെ സംഘടനാ സംവിധാനം ഉപയോഗിച്ചായിരുന്നു പിരിവ് നടത്തിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥാപനനിർമാണം ആരംഭിക്കുകയോ അനുയോജ്യമായ സ്ഥലം വാങ്ങുകയോ ചെയ്തിട്ടില്ല. പിരിച്ചെടുത്ത പണത്തെക്കുറിച്ച് വിവരങ്ങളും ഇല്ല.തുടർന്നാണ് നിക്ഷേപകർ പരാതിപ്പെട്ടത്.

എത്രയും വേഗം കോളേജിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയോ അല്ലെങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ വിഷയം ചർച്ചയായിരുന്നുവെന്നാണ് വിവരം. എന്നാൽ ആരോപണങ്ങൾ പൂർണമായും അടിസ്ഥാന രഹിതമാണെന്ന് സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യൻ വ്യക്തമാക്കി. കോളേജ് നിർമാണത്തിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button