News

‘ഉപനേതാവ്’ തർക്കം എൽഡിഎഫിന് പുറത്തേക്കും; സിപിഐയെ പരോക്ഷമായി ക്ഷണിച്ച് മജീദിന്റെ ലേഖനം

തിരുവനന്തപുരം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക് ഇടതുമുന്നണി രാഷ്ട്രീയം വിട്ട് പുറത്തേക്ക്. വലതുപക്ഷ സി പി എമ്മിന്‍റെ വലയിൽ അകപ്പെട്ട സി പി ഐ വരാന്തയിലേക്ക് തള്ളപ്പെട്ടെന്നുള്ള മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദിന്‍റെ ചന്ദ്രികയിലെ ലേഖനമാണ് ഇപ്പോൾ ചൂടേറിയ ചർച്ച. പ്രകോപനങ്ങൾ പലവിധത്തിൽ തുടരുന്നതിനിടെയാണ് ഉപനേതാവ് പദവി വിവാദത്തിൽ മുസ്ലീം ലീഗ് മുൻകയ്യെടുക്കുന്നത്.

രാജകൽപ്പന അനുസരിക്കുന്ന അടിമകളാണോ സി പി ഐ എന്ന ചോദ്യം ഉന്നയിച്ച് ദേശീയ ഉപാധ്യക്ഷൻ ചന്ദ്രികയിലെഴുതിയ ലേഖനത്തിൽ സി പി ഐയുടെ പഴയ പ്രതാപവും മുസ്ലീം ലീഗ് സഖ്യകാലത്തെ നേട്ടങ്ങളും എല്ലാം എടുത്ത് പറയുന്നുണ്ട്. സി പി ഐ എന്തിനിത്ര ആട്ടും തുപ്പും സഹിക്കണം, സി പി ഐയ്ക്ക് ഇങ്ങനെ എൽ ഡി എഫിൽ തുടരാനാകില്ല, സി പി ഐയും ലീഗും കോൺഗ്രസും ഒന്നിച്ച് ഭരിച്ചത് സുവർണ കാലമെന്നടക്കം മജീദിന്‍റെ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്. ആകെ മൊത്തത്തിൽ സി പി ഐയ്ക്കുള്ള മുസ്‍ലിം ലീഗിന്റെ പരോക്ഷ ക്ഷണമായാണ് ലേഖനം വിലയിരുത്തപ്പെടുന്നത്.

മജീദിന്‍റെ ലേഖനം ഏറ്റുപിടിച്ച പി കെ കുഞ്ഞാലിക്കുട്ടി തുടർ ചർച്ചകൾക്കുള്ള വാതിലുകൾ തുറന്നിട്ടാണ് പ്രതികരിച്ചത്. ചരിത്രത്തിൽ അസാധ്യമായി എന്തുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. അതേസമയം പരസ്പരമുള്ള പരസ്യ പ്രകോപനങ്ങളിൽ നിന്ന് മാറി നിൽക്കാനാണ് സി പി ഐ സംസ്ഥാന നേതൃത്വത്തിലെ ധാരണ. എന്നാൽ വിവാദത്തിൽ സി പി ഐയെ കടന്നാക്രമിച്ചും പിണറായി വിജയനെ ന്യായീകരിച്ചും ദേശാഭിമാനിയിൽ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എൻ മോഹനന്‍റെ ലേഖനവും ഇതിനിടെ പ്രത്യക്ഷപ്പെട്ടു.

ഉപനേതൃ പദവിയും സി പി ഐയും എന്ന തലക്കെട്ടിൽ ദേശാഭിാനിയിലെഴുതിയ ലേഖനത്തിൽ സി എൻ മോഹനനൻ, സി പി ഐ നിലപാടിനെ അടച്ചാക്ഷേപിച്ചു. എട്ട് സീറ്റുമായി പ്രതിപക്ഷ മുന്നണിയിലിരിക്കുന്ന സി പി ഐ വളർന്നെന്നാണ് നേതൃത്വം കരുതുന്നതെന്നോ എന്നാണ് പ്രധാന ചോദ്യം. അവകാശവാദങ്ങൾ അതിരുകടന്നത്. പിണറായി വിജയനെതിരായ വിമർശനത്തിന് അർഹതയില്ലെന്ന് കൂടി അടിവരയിട്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്. ദേശീയ നേതൃത്വത്തിന്‍റെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്ന് പറയുന്ന സി പി ഐ മുന്നണിക്ക് പുറത്തേക്ക് വളർന്ന വിവാദത്തെ തള്ളുന്നില്ല എന്നതും ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button