News

പയ്യന്നൂരിലും തളിപ്പറമ്പിലും തിരഞ്ഞെടുപ്പ് തോൽവി; രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി സിപിഐഎം, പിണറായി വിജയൻ പങ്കെടുക്കും

കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിശദീകരണവുമായി സിപിഐഎം രംഗത്ത്. ഓഗസ്റ്റ് 29, 30, 31 തീയതികളിൽ ഈ മണ്ഡലങ്ങളിൽ പാർട്ടി രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പയ്യന്നൂർ, പെരിങ്ങോത്ത് എന്നിവിടങ്ങളിലും, തളിപ്പറമ്പിലെ മയ്യിലുമാണ് യോഗങ്ങൾ നടക്കുന്നത്. ഈ പ്രധാന പൊതുയോഗങ്ങളിൽ മുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പങ്കെടുക്കും.

സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചകൾ സംഭവിച്ചുവെന്നും പയ്യന്നൂരിൽ വിഭാഗീയതയുണ്ടായിരുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര-സംസ്ഥാന കമ്മിറ്റികളും നേരത്തെ ഔദ്യോഗികമായി വിലയിരുത്തിയിരുന്നു. എന്നാൽ ജില്ലാ കമ്മിറ്റിയാണ് സ്ഥാനാർത്ഥി നിർണയം നടത്തിയതെന്ന നേതൃത്വത്തിന്റെ വാദത്തെ തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദനും, പയ്യന്നൂരിൽ നിന്നും പുറത്തുവന്ന വി കുഞ്ഞികൃഷ്ണനും സംയുക്ത വാർത്താസമ്മേളനത്തിലൂടെ തള്ളിക്കളഞ്ഞത് പാർട്ടിക്ക് വലിയ ചർച്ചയായിരുന്നു.

തിരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ സിപിഐഎം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ചില പാർട്ടി നേതാക്കൾ തന്നെ പ്രവർത്തിച്ചുവെന്നും, ഒത്തുകളി നടന്നുവെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഈ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ഉടൻ തന്നെ പരിഗണിക്കും.

ഇതിന് തൊട്ടുപിന്നാലെ പയ്യന്നൂരിൽ കർശന അച്ചടക്ക നടപടികളും സംഘടനാപരമായ അഴിച്ചുപണികളും ഉണ്ടാകാനാണ് സാധ്യത. ഏരിയ കമ്മിറ്റി പിരിച്ചുവിടുന്നത് സംഘടനാ പ്രതിസന്ധി രൂക്ഷമാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, കുറ്റക്കാരായ നേതാക്കൾക്ക് കർശന താക്കീത് നൽകി മാറ്റിനിർത്താനാണ് പാർട്ടി തീരുമാനം. കൂടാതെ ജില്ലയിലെ പ്രമുഖ നേതാക്കൾക്ക് പയ്യന്നൂരിൽ പ്രത്യേക ചുമതലകൾ നൽകി സംഘടനയെ തിരികെ പിടിക്കാനുമുള്ള നീക്കത്തിലാണ് നേതൃത്വം.

പിണറായി വിജയൻ പങ്കെടുക്കുന്ന ഈ രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങളിലൂടെ പാർട്ടിക്കുള്ളിലെ വിമർശനങ്ങൾക്ക് മറുപടി നൽകാനും അണികളെ ഒപ്പിച്ചുനിർത്താനുമാണ് സിപിഐഎം ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിൽ സംഭവിച്ച ദൗർബല്യങ്ങളും സംഘടനാപരമായ വീഴ്ചകളും തുറന്ന് പറഞ്ഞ് പാർട്ടിയെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന നേതൃത്വം. ഈ വിശദീകരണ യോഗങ്ങൾക്ക് ശേഷമായിരിക്കും പയ്യന്നൂരിലെ അച്ചടക്ക നടപടികൾ സംബന്ധിച്ച അന്തിമ പ്രഖ്യാപനങ്ങൾ ഉണ്ടാകുകയെന്നാണ് കരുതപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button