പുതുപ്പള്ളിയിലേക്ക് ‘യൂണിവേഴ്സൽ ബോസ്’! ക്രിസ് ഗെയിൽ എത്തുന്നത് ഓഗസ്റ്റ് 30ന്; വമ്പൻ പരിപാടികൾ

ക്രിക്കറ്റ് ലോകത്തെ വെടിക്കെട്ട് താരം ക്രിസ് ഗെയിൽ പുതുപ്പള്ളിയിലേക്ക്. കേരള ക്രിക്കറ്റ് ലീഗിലെ (കെ.സി.എൽ) കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമ കൂടിയായ വെസ്റ്റിൻഡീസ് ഇതിഹാസ താരം ഓഗസ്റ്റ് 30ന് പുതുപ്പള്ളിയിലെത്തുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ അറിയിച്ചു. സന്ദർശനത്തിന്റെ ഭാഗമായി വിവിധ പരിപാടികളിലും ഗെയിൽ പങ്കെടുക്കും.
ഓഗസ്റ്റ് 29ന് കേരളത്തിലെത്തുന്ന ഗെയിൽ ആദ്യം തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം സന്ദർശിക്കും. ഇതിന് ശേഷമാണ് കോട്ടയത്തേക്ക് എത്തുക. പുതുപ്പള്ളിയിൽ നിർദിഷ്ട അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി പരിഗണിക്കുന്ന സ്ഥലങ്ങളും ഗെയിൽ നേരിട്ട് സന്ദർശിക്കും. കേരളത്തിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് താരത്തിന്റെ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്.
പുതുപ്പള്ളി സന്ദർശനത്തിനിടെ വെണ്ണിമല ശ്രീരാമലക്ഷ്മണസ്വാമി ക്ഷേത്രത്തിലും ഗെയിൽ ദർശനം നടത്തും. തുടർന്ന് വെണ്ണിമല ഗുരുദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടക്കുന്ന ചടങ്ങിൽ വെണ്ണിമല ഹെറിറ്റേജ് ആൻഡ് കൾച്ചറൽ സെന്ററിന്റെ ലോഗോ പ്രകാശനം നിർവഹിക്കും. ചടങ്ങിനിടെ പ്രദേശത്തെ വിദ്യാർഥികളുമായി സംവദിക്കുന്ന ഗെയിൽ തന്റെ ക്രിക്കറ്റ് അനുഭവങ്ങളും പങ്കുവെക്കും.
‘യൂണിവേഴ്സൽ ബോസ്’ എന്ന പേരിൽ ആരാധകർക്കിടയിൽ പ്രശസ്തനായ ക്രിസ് ഗെയിലിന്റെ പുതുപ്പള്ളി സന്ദർശനം ക്രിക്കറ്റ് പ്രേമികൾ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ക്രിക്കറ്റ് മൈതാനത്തെ വെടിക്കെട്ട് പ്രകടനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ ഗെയിൽ കേരളത്തിലെത്തുന്നതോടെ പുതുപ്പള്ളിയിലെ സന്ദർശനവും ശ്രദ്ധാകേന്ദ്രമാകും.




