News

ജനീഷിന്റെ പരിഹാസത്തിന് ചിന്തയുടെ മറുപടി; ‘യൂത്ത് കോൺഗ്രസ് അധ്യക്ഷൻ മന്ത്രിയായത് സ്വാഗതാർഹം, ഖജനാവ് മുക്കരുത്’

കൊല്ലം: യൂത്ത് കോൺഗ്രസ് അധ്യക്ഷനും മന്ത്രിയുമായ ഒ ജെ ജെനീഷിന്‍റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ ഒരു യുവാവ് കേരള മന്ത്രിസഭയിൽ അംഗമാകുന്നത് സ്വാഗതാർഹമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചിന്ത തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. എന്നാൽ, സംഘടനയുടെ പ്രവർത്തനങ്ങളെയും മുൻകാല സംഭവങ്ങളെയും പരാമർശിച്ച് കടുത്ത മുന്നറിയിപ്പും വിമർശനവുമാണ് അവർ ഉന്നയിക്കുന്നത്.

വയനാട് ദുരിതാശ്വാസത്തിനായി പാവപ്പെട്ട ജനങ്ങളിൽ നിന്ന് ശേഖരിച്ച ഫണ്ട് മുക്കിയതുപോലെ കേരളത്തിലെ സംസ്ഥാന ഖജനാവ് മുക്കരുതെന്ന് ചിന്താ ജെറോം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കൂടാതെ, യൂത്ത് കോൺഗ്രസിന്റെ മുൻഗാമിയെ വിവിധ കേസുകളിൽ നിന്ന് രക്ഷപ്പെടുത്താൻ മന്ത്രിപദം ദുരുപയോഗം ചെയ്യരുതെന്നും ചിന്ത ഫേസ്ബുക്കിൽ കുറിച്ചു.

സോഷ്യൽ മീഡിയ പ്രമോട്ടർമാരെ ഉപയോഗിച്ച് വനിതാ പൊതുപ്രവർത്തകരെ വേട്ടയാടുന്ന രീതി അവസാനിപ്പിക്കണമെന്നും ചിന്തയുടെ കുറിപ്പിൽ പറയുന്നു. ലഹരി കച്ചവടക്കാരായ സോഷ്യൽ മീഡിയ പ്രമോട്ടർമാരെ മുന്നിൽ നിർത്തി നാട്ടിലെ സാധാരണക്കാരായ വനിതാ പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കുന്ന നിലപാട് ഒരു മന്ത്രി എന്ന നിലയിൽ സ്വീകരിക്കരുതെന്നും അവർ ഓർമ്മിപ്പിച്ചു.

പോസ്റ്റിന്റെ അവസാനം രാഷ്ട്രീയ നിലപാടും ചിന്ത വ്യക്തമാക്കുന്നുണ്ട്. ഒരു പ്രതിഷേധ പ്രകടനത്തിനിടെ പുറകിൽ നിന്ന് ഉയർന്ന പ്രവർത്തകന്റെ മുദ്രാവാക്യം സ്ത്രീവിരുദ്ധമാണെന്ന് മനസ്സിലാക്കി, അത് ഏറ്റുവിളിക്കാതെ തടയാനും ഇനി ആവർത്തിക്കരുതെന്ന് പറയാനുമുള്ള ആർജ്ജവം കാണിച്ചതാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് അവർ കൂട്ടിച്ചേർത്തു.

നേരത്തെ, വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്ന് ജെനീഷ് പറഞ്ഞിരുന്നു. ഡിവൈഎഫ്ഐ വനിതാ അധ്യക്ഷ സ്ഥാനത്തേക്ക് ചിന്ത ജെറോം തെരഞ്ഞെടുക്കപ്പെട്ട വിഷയത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഡിവൈഎഫ്ഐയിൽ വനിതാ അധ്യക്ഷ വരുന്നത് വളരെ നല്ല കാര്യമാണ്. യുവജനപ്രസ്ഥാനങ്ങളുടെ അമരത്തേക്ക് വനിതകൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും നാളെകളിൽ യൂത്ത് കോൺഗ്രസിലും അവസരമുണ്ടെങ്കിൽ വനിതകൾ കടന്നുവരണമെന്നും മന്ത്രി ഓ ജെ ജനീഷ് പറഞ്ഞു. പക്ഷേ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നുള്ള ജനീഷിന്‍റെ വാക്കുകൾക്കാണ് ചിന്ത മറുപടി കൊടുത്തിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button