News

യാത്രാതിരക്ക് കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി; സ്വകാര്യ ആഡംബര ബസുകൾ വാടകയ്ക്കെടുക്കാനുള്ള നീക്കം

ഉത്സവകാലത്തെയും തിരക്കേറിയ സീസണുകളിലെയും യാത്രാക്ലേശം പരിഹരിക്കാൻ പുതിയ നീക്കവുമായി കെ.എസ്.ആർ.ടി.സി. ഇതിന്റെ ഭാഗമായി സ്വകാര്യ ടൂറിസ്റ്റ് ബസുകൾ വാടകയ്ക്ക് എടുത്തുതുടങ്ങി. പ്രാഥമിക ഘട്ടമായി തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ ട്രാവൽസുകളിൽ നിന്നാണ് ബസുകൾ വാടകയ്ക്ക് എടുത്തിട്ടുള്ളത്. ജീസസ് ട്രാവൽസ്, ഐ.സി തുടങ്ങിയ കമ്പനികളിൽ നിന്നായി ഏകദേശം അഞ്ചോളം ബസുകളാണ് ഇപ്പോൾ സർവീസിനായി ഏറ്റെടുത്തിരിക്കുന്നത്.

ഡ്രൈവർ സഹിതമാണ് ഈ ബസുകൾ വാടകയ്ക്ക് എടുത്തിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. കിലോമീറ്റർ അടിസ്ഥാനത്തിലാണ് വാഹന ഉടമകൾക്ക് പ്രതിഫലം നൽകുന്നത്. അതേസമയം, ബസുകളിലെ ടിക്കറ്റ് വിതരണത്തിനായി കണ്ടക്ടർമാരെ കെ.എസ്.ആർ.ടി.സിയാണ് നിയോഗിക്കുന്നത്. പ്രത്യേകിച്ചും ബെംഗളൂരു റൂട്ടിൽ ആവശ്യത്തിന് ബസുകൾ ഇല്ലാത്തത് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കാറുണ്ട്. ഈ സാഹചര്യത്തിൽ സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുന്നത് തടയാൻ കെ.എസ്.ആർ.ടി.സിയുടെ ഈ നടപടി സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.

ആറുമാസത്തേക്കാണ് കെ.എസ്.ആർ.ടി.സി ഇത്തരം ആഡംബര ബസുകൾ വാടകയ്ക്ക് എടുക്കുന്നത്. ഓണം, ശബരിമല, ക്രിസ്മസ്, പുതുവത്സര തിരക്കുകൾ മുന്നിൽക്കണ്ട് 63 ബസുകൾക്കായി നേരത്തെ ടെൻഡർ വിളിച്ചിരുന്നു. ഇതിൽ സ്ലീപ്പർ, സെമി സ്ലീപ്പർ വിഭാഗത്തിലുള്ള ബസുകളും ഉൾപ്പെടുന്നു. അഞ്ച് വർഷത്തിൽ താഴെ മാത്രം പഴക്കമുള്ളതും ആവശ്യമായ രേഖകളുള്ളതുമായ ബസുകളാണ് സർവീസിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ബസുകളിൽ കെ.എസ്.ആർ.ടി.സി ലോഗോ പതിക്കുമെന്നും, അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം ഉടമകൾക്കായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button