News

‘കുടുംബ കൂട്ടായ്മകൾ ചരിത്രം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുന്നു’; മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: കുടുംബ കൂട്ടായ്മകൾ ചരിത്ര രൂപീകരണത്തിന് വഴിയൊരുക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. തിരുവനന്തപുരം കമലേശ്വരത്ത് സംഘടിപ്പിച്ച ഊന കുടുംബ കൂട്ടായ്മയുടെ വാർഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏകദേശം 200 വർഷത്തെ പാരമ്പര്യമുള്ള കുടുംബമാണ് ഊന കുടുംബമെന്നും തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകൾ കുടുംബ ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഈ വർഷത്തെ കുടുംബ ഡയറക്ടറിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ഊന കുടുംബ കൂട്ടായ്മ പ്രസിഡന്റ് ജി. മാഹിൻ അബൂബക്കർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി, മുൻ കെ.പി.സി.സി പ്രസിഡന്റ്, മുൻ യു.ഡി.എഫ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ളതും ഊന കുടുംബത്തിന്റെ രക്ഷാധികാരിയുമായ എം.എം. ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി.

പുരാതന കുടുംബമായ ഊന കുടുംബം തിരുവിതാംകൂറിന്റെ ചരിത്രത്തിൽ തന്നെ ഭാഗമായിരുന്നുവെന്നും രാജകുടുംബത്തോട് ചേർന്ന് പ്രവർത്തിച്ച കുടുംബ പാരമ്പര്യം ഊന കുടുംബത്തിനുണ്ടെന്നും എം.എം. ഹസ്സൻ പറഞ്ഞു. ഊന കുടുംബക്കൂട്ടായ്മ ജനറൽ സെക്രട്ടറി എം എം സഫർ സ്വാഗതം ആശംസിച്ചു.ട്രഷറർ അബ്ദുൽ സലീം, ഓവർസീസ് സെക്രട്ടറി ഷാജഹാൻ (കല്ലമ്പലം), എ. ഷാജഹാൻ (കിടങ്ങിൽ), മുഹമ്മദ് ഷാഫി (ഒമർ വില്ല), എസ്.എം. ഷബീർ (ടോൾഗേറ്റ്), സഫീന ഷബീർ, ആരിഫ സമീർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button