ഡിവൈഎഫ്ഐയെ സംസ്ഥാനത്ത് നയിക്കാൻ ചിന്താ ജെറോം എത്തുന്നു, സംസ്ഥാന സെക്രട്ടറിയാവുക എം വിജിൻ

തിരുവനന്തപുരം: ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയിൽ നേതൃമാറ്റം ഉടനുണ്ടാകുമെന്ന് വിവരം. യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോം സംഘടനയുടെ സംസ്ഥാന പ്രസിഡന്റാകും. കല്യാശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വിജിനാണ് സംസ്ഥാന സെക്രട്ടറി. ഡിവൈഎഫ്ഐ നേതൃയോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അദ്ധ്യക്ഷ പദവിയിലേക്ക് തിരുവനന്തപുരം മുൻ മേയറും യുവനേതാവുമായ ആര്യാ രാജേന്ദ്രന് വേണ്ടി ചിലർ രംഗത്തെത്തിയെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം നേതാക്കൾ ചിന്തയുടെ പേര് തീരുമാനിക്കുകയായിരുന്നു. കൊല്ലം സ്വദേശിയാണ് ചിന്താ ജെറോം.എസ്എഫ്ഐയിലൂടെയാണ് സംഘടനാ പ്രവർത്തനത്തിൽ എത്തിയത്.
2021ലും ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിലും കല്യാശേരിയിൽ നിന്ന് വിജയിച്ച യുവനേതാവാണ് എം വിജിൻ. 38 വയസെന്ന പുതിയ പ്രായനിബന്ധന 37കാരനായ വിജിന് തുണയായി. 2022ലാണ് നിലവിലെ ഭാരവാഹികളായ വി കെ സനോജിനെയും വി വസീഫിനെയും തിരഞ്ഞെടുത്തത്. ഓഗസ്റ്റ് 19 മുതൽ 22വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.



