ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ; തള്ളി പ്രതിപക്ഷം; രാജ്യസഭയിൽ നാടകീയ രംഗങ്ങൾ!

ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. എല്ലാ വിഷയങ്ങളിലും ചർച്ച നടത്താമെന്നും, സഭ സുഗമമായി നടക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചർച്ച തുടങ്ങി നാളെ വൈകിട്ട് മറുപടി നൽകാമെന്നാണ് അമിത് ഷാ അറിയിച്ചതെങ്കിലും, ഈ നിർദ്ദേശം രാഹുൽ ഗാന്ധി തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും അയോധ്യ ക്ഷേത്ര വിഷയത്തിലും ചർച്ച വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം രാജ്യസഭയിൽ നടന്ന നാടകീയ സംഭവങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കി. ബി.ജെ.പി എം.പി സുഷ്മിത ദേവ് ‘ലുങ്കി വാല’ എന്ന് പരിഹസിച്ചുവെന്ന് ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ഉന്നയിച്ചു. എന്നാൽ സുഷ്മിത ദേവിനും ബ്രിട്ടാസിനെതിരെ പരാതിയുണ്ടെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും സഭാനേതാവ് ജെ.പി. നദ്ദയും ചൂണ്ടിക്കാണിച്ചെങ്കിലും അവർക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ല. തുടർന്ന് പ്രാദേശിക ഭേദങ്ങളുടെ പേരിൽ ആരും ആരേയും അപമാനിക്കരുതെന്ന് നിർദ്ദേശിച്ച ചെയർമാൻ സി.പി. രാധാകൃഷ്ണൻ, ഇരു അംഗങ്ങളോടും ചേംബറിൽ എത്താൻ ആവശ്യപ്പെടുകയും ബഹളം കനത്തതിനെ തുടർന്ന് സഭ നിർത്തിവെയ്ക്കുകയും ചെയ്തു




