
രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ഥിക്ക് നേരെയുള്ള പൊലീസ് ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകര്‍ന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനി അത് തിരിച്ചുപിടിക്കാനാകില്ലെന്നും രാഹുല്‍ പറഞ്ഞു.
വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ അനുമതി നല്‍കിയത് ആഭ്യന്തരമന്ത്രിയോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഒന്നുകില്‍ വിദ്യാര്‍ഥികളെ പൊലീസ് ആക്രമിച്ച സംഭവത്തില്‍ അമിത് ഷാ കുറ്റക്കാരനാണ്. അല്ലെങ്കില്‍ തികഞ്ഞ പരാജയമാണ്. അമിത് ഷാ രാജിവയ്ക്കുകയാണ് വേണ്ടത്. യുവജനങ്ങളുടെ ശബ്ദത്തെ പോലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാന്‍ കഴിയില്ല. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും വരെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പോഡ് കാസ്റ്റിലൂടെയാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം.
പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെ ഇന്നും അമിത് ഷാ സഭയിലെത്തിയിരുന്നില്ല. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മറുപടി പറയണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം ബഹളം വച്ചു. ലോക്‌സഭ രണ്ട് മണിവരെയും രാജ്യസഭ പന്ത്രണ്ട് മണി വരെയും നിര്‍ത്തിവച്ചു.
ഇന്ന് സഭ സമ്മേളിക്കും മുമ്പ് പാര്‍ലമെന്റ് കവാടത്തില്‍ ഭരണ-പ്രതിപക്ഷഅംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ മുദ്രാവാക്യങ്ങളുമായി എന്‍ഡിഎ അംഗങ്ങളും ആഭ്യന്തമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷവും മുഖാമുഖമെത്തുകയായിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കും ഇടയില്‍ ഉദ്യോഗസ്ഥര്‍ സുരക്ഷാവലയം തീര്‍ക്കുകയായിരുന്നു.




