News

അമേരിക്കൻ സന്ദർശനത്തിനിടെ വാഷിങ്ടണിലെത്തി തിരുവനന്തപുരം മേയർ വി.വി. രാജേഷ്; ഇന്ത്യൻ എംബസിയിൽ കോർപറേഷൻ വികസന പദ്ധതികൾ അവതരിപ്പിച്ചു

അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ് വാഷിങ്ടൺ ഡിസിയിലെത്തി. വാഷിങ്ടണിലെ ഇന്ത്യൻ എംബസി സന്ദർശിച്ച മേയർ, കൾച്ചറൽ സെൽ കൗൺസിലർ ദേബേഷ് കുമാർ ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി വികസന പദ്ധതികൾ ചർച്ച ചെയ്തു. തിരുവനന്തപുരത്തെ ഐടി മേഖലയിലെ സഹകരണത്തിനും കളരിപ്പയറ്റ്, കഥകളി തുടങ്ങിയ കലകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട കോർപറേഷന്റെ നിർദേശങ്ങൾക്ക് എംബസിയിൽ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് മേയർ വ്യക്തമാക്കി.

എട്ട് ദിവസത്തെ സന്ദർശനത്തിനായി ഓഗസ്റ്റ് ഒന്നിനാണ് മേയർ അമേരിക്കയിലേക്ക് തിരിച്ചത്. യാത്രയ്ക്കിടെ മുസ്സൂറി സിറ്റി മേയർ റോബിൻ എലക്കാട്ടുമായി മാലിന്യ സംസ്കരണം, ഐടി, നായ സംരക്ഷണം എന്നീ വിഷയങ്ങളിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ന്യൂജേഴ്സിയിൽ വെച്ച് പ്രശസ്ത ക്യാൻസർ വിദഗ്ധൻ ഡോ. എം വി പിള്ളയുമായും അദ്ദേഹം ചർച്ച നടത്തുകയുണ്ടായി.

ഫിലാഡൽഫിയയിലെ ഫൊക്കാന സമ്മേളനത്തിലും വിവിധ നഗരങ്ങളിലെ മലയാളി സമൂഹവുമായുള്ള ആശയവിനിമയങ്ങളിലും പങ്കെടുത്ത ശേഷം മേയർ ഓഗസ്റ്റ് 10-ന് തിരിച്ചെത്തും. നിലവിൽ ഡെപ്യൂട്ടി മേയർ ആശാനാഥാണ് തിരുവനന്തപുരം കോർപറേഷൻ മേയറുടെ ചുമതല വഹിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button