KeralaNews

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

മഴ കുറഞ്ഞതോടെ ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ നേരിയ ആശ്വാസം ഉണ്ടായിരിക്കുകയാണ്. കയറിയ വെള്ളം മിക്കയിടത്തും ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ദുരിതം മാറിയിട്ടില്ല. മഴ കുറഞ്ഞതോടെ കുട്ടനാട് താലൂക്കിൽ വെള്ളം കയറിയ മേഖലകളിൽ വെള്ളം ഇറങ്ങി തുടങ്ങി. കിഴക്കു നിന്നുള്ള വെള്ളത്തിൻ്റെ വരവിലും കുറവുണ്ടായിട്ടുണ്ട്. എങ്കിലും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറിയവർക്ക് സാധാരണ ജീവിതം പുനസ്ഥാപിക്കാൻ ഇനിയും മൂന്നോ നാലോ ദിവസം കാത്തിരിക്കേണ്ടിവരും.

ചെങ്ങന്നൂരിൽ പാണ്ടനാട് , തിരുവൻവണ്ടൂർ മേഖലകളിൽ വെള്ളം ഇറങ്ങിയെങ്കിലും ചെന്നിത്തല പഞ്ചായത്തിൽ ബുദ്ധിമുട്ട് തുടരുകയാണ്. ജില്ലയിൽ ഉടനീളം ഉള്ള പല താഴ്ന്ന പ്രദേശങ്ങളിലും ജനജീവിതം സാധാരണ നിലയിലായിട്ടില്ല. ഇതിനിടയിലാണ് തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടുന്നതിന് നടപടി വേണമെന്ന ആവശ്യം സിപിഎം ശക്തമാക്കിയത്. മതിയായ വീതിയിൽ പൊഴി മുറിക്കാത്തതാണ് വെള്ളം ഒഴുകി പോകാതിരിക്കാൻ കാരണമെന്നും എംഎൽഎമാരെ ജനങ്ങൾ തല്ലുന്ന സ്ഥിതിയാണെന്നും ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button