News

‘യുഡിഎഫ് സർക്കാർ നട്ടെല്ല് വളച്ച് മൗനം പാലിക്കുന്നു’; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: കേരള സർവകലാശാലയിൽ കാവിവൽക്കരണത്തിനുള്ള ശ്രമം എൽഡിഎഫ് സർക്കാർ തടഞ്ഞുവെന്നും ഇന്നത്തെ സർക്കാരിനെ പോലെ അഴ കൊഴമ്പാൻ നയമല്ല എൽഡിഎഫ് സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിസി നിയമനങ്ങളുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ നിരവധി തവണ കോടതിയെ സമീപിച്ചു.

യുഡിഎഫ് അധികാരത്തിൽ വന്നതോടെ സർവകലാശാലകളിലെ കാവിവൽക്കരണത്തിന് എതിരായ ചെറുത്തുനിൽപ്പ് അവസാനിക്കുന്നതാണ് കാണുന്നത്. യുഡിഎഫ് സർക്കാർ നട്ടെല്ല് വളച്ച് മൗനം പാലിക്കുന്നുവെന്നും നേരിയ തോതിൽ പോലും ഒരു എതിർപ്പ് യുഡിഎഫ് സർക്കാരിൽ നിന്ന് കാണുന്നില്ലെന്നും പിണറായി പറഞ്ഞു. സംഘപരിവാറിന്റെ ബി ടീമായി യുഡിഎഫ് സർക്കാർ മാറുന്നു. പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം കഴിഞ്ഞ യുഡിഎഫ് യോഗം തീരുമാനിച്ചു. 

പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഇത് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും ഒരു രൂപ പോലും സംസ്ഥാനം കൈപ്പറ്റിയിട്ടില്ല എന്നും കേന്ദ്രം അറിയിച്ചു. സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ പദ്ധതി നടപ്പാക്കുന്ന നിലയിലേക്ക് യുഡിഎഫ് സർക്കാർ മാറിക്കഴിഞ്ഞു.

പിഎം ശ്രീ അറബിക്കടലിൽ എറിയും എന്ന് പറഞ്ഞവർ അധികാരത്തിലെത്തിയപ്പോൾ വഞ്ചന കാട്ടുന്നതാണ് കേരളം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. എൻടിഎ എന്നൊരു തട്ടിപ്പ് സംഘത്തിന് കൊള്ളലാഭം കൊയ്യാൻ രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്താടുന്നുവെന്നും കേന്ദ്രത്തിനെതിരെ പിണറായി വിമർശനമുന്നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button