സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞിന് ഒരു ഗ്രാം സ്വർണ മോതിരം; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

ചെന്നൈ: ജനപ്രിയ പദ്ധതികളുമായി തമിഴ്‌നാട്ടിലെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്. ധനമന്ത്രി എൻ. മാരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന പദ്ധതി ഉൾപ്പെടെ നിരവധി ക്ഷേമപ്രഖ്യാപനങ്ങളാണ് ഉണ്ടായത്.
‘തായ് മാമൻ തങ്ക മോതിരം’ എന്ന പേരിലുള്ള പദ്ധതിക്കായി 560 കോടി രൂപ വകയിരുത്തി. കൂടാതെ സംസ്ഥാനത്ത് പുതിയ കാൻസർ ചികിത്സാ ആശുപത്രികൾ സ്ഥാപിക്കുമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹസമ്മാനമായി സ്വർണവും സാരിയും നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു.
വിധവകൾ, നിരാലംബരായ സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 100 ശതമാനം സബ്സിഡിയിൽ അഞ്ച് ആടുകൾ സൗജന്യമായി വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിനായി 110 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സാമൂഹിക ക്ഷേമത്തിനും ആരോഗ്യ മേഖലയ്ക്കും മുൻഗണന നൽകുന്ന പ്രഖ്യാപനങ്ങളാണ് ശ്രദ്ധ നേടിയത്.




