ഓടിക്കൊണ്ടിരുന്ന ട്രെയിനടിയിലേക്ക് നുഴഞ്ഞിറങ്ങി ആത്മഹത്യ ചെയ്യാൻ യുവാവിന്റെ ശ്രമം

മുംബയ്: റെയിൽവേ പ്ലാറ്റ്ഫോമിൽനിന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയിലേക്ക് നുഴഞ്ഞിറങ്ങി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥ. മുംബയിലെ ദാദർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
രാത്രി 10.45 ഓടെ ലോക്കൽ ട്രെയിൻ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്നതിനിടെയാണ് അവിടേക്ക് ഓടിയെത്തിയ 28കാരൻ ട്രെയിനിന് അടിയിലേക്ക് നുഴഞ്ഞിറങ്ങാനായി ശ്രമിച്ചത്. ഉടൻതന്നെ സമീപത്തുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ നവാർഡെ ഓടിയെത്തി ഇയാളെ കാലിൽപിടിച്ച് പിന്നിലേക്ക് വലിച്ചുമാറ്റുകയായിരുന്നു.
സെക്കന്റുകൾക്കുള്ളിൽ സമയോചിതമായി ഇടപെട്ടതിനാൽ പരിക്കുകളേൽക്കാതെ യുവാവ് രക്ഷപ്പെട്ടു. കസ്റ്റഡിയിലെടുത്ത ഇയാൾക്ക് കൗൺസലിംഗ് നൽകുന്നതിനും പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.യുവാവിനെ രക്ഷിക്കാൻ കൃത്യസമയത്ത് ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സലൂട്ട് എന്നാണ് പലരും കുറിച്ചത്.




