വാടക ബസുകൾക്ക് ‘നോ എൻട്രി’; കടുത്ത വ്യവസ്ഥകൾ കാരണം കെഎസ്ആർടിസി പദ്ധതി പ്രതിസന്ധിയിൽ

തിരുവനന്തപുരം: മണ്ഡലകാലം പരിഗണിച്ച് ശബരിമല സ്‌പെഷ്യൽ സർവീസിനായി 700ഓളം വാടകബസുകൾ തേടി കെഎസ്ആർടിസി ടെൻഡർ വിളിച്ചെങ്കിലും, അതിന് മികച്ച പ്രതികരണമില്ല. നവംബർ 10 മുതൽ 2027 ജനുവരി 20 വരെ വാടകബസുകൾ എടുക്കാനായിരുന്നു നീക്കം. എന്നാൽ വ്യവസ്ഥകളിലെ പോരായ്മ കാരണമാണ് ടെൻഡറിന് പ്രതികരണം ലഭിക്കാത്തതെന്നാണ് ആക്ഷേപം.
ടെൻഡറിൽ ഒരു വർഷത്തേക്ക് കരാർ നീട്ടിയേക്കാമെന്ന വ്യവസ്ഥ ഉണ്ടെങ്കിലും കുറഞ്ഞ കാലയളവിലേക്ക് ബസ് നൽകുന്നത് പ്രായോഗികമല്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ പറയുന്നത്. സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ, കോൺട്രാക്ട് ക്യാരേജുകൾ എന്നിവ ലക്ഷ്യമിട്ടാണ് ടെൻഡർ പുറത്തിറക്കിയത്.
എന്നാൽ ആവശ്യത്തിന് വേണ്ട ബസുകൾ ലഭിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി സിപി ജോൺ പറഞ്ഞു.സംസ്ഥാനത്തിന് അകത്തും പുറത്തും സർവീസ് നടത്തുന്ന സ്വകാര്യ ആഡംബര ബസുകളെയും കെഎസ്ആർടിസി കണ്ണുവച്ചിരുന്നു. എന്നാൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ സമാന്തര സർവീസുകളാണ് സ്വകാര്യ ആഡംബര ബസുകൾക്ക് ഉയർന്ന വരുമാനം നൽകുന്നത്. ഓഫ് സീസണിലെ നഷ്ടം നികത്താൻ കുറഞ്ഞത് 2 വർഷത്തെ കരാറെങ്കിലും വേണമെന്നാണ് ആഡംബര ബസ് ഉടമകളുടെ നിലപാട്.
പുതിയ ബസുകൾ വാങ്ങി നൽകാൻ തയ്യാറുള്ളവർ 3 വർഷത്തെ കരാറും ആവശ്യപ്പെടുന്നു.സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സഹകരിക്കാൻ സന്നദ്ധരാണെങ്കിലും ഹ്രസ്വകാല കരാറുകളോടുള്ള താല്പര്യക്കുറവാണ് പ്രധാന കാരണം. ഇന്ധനച്ചെലവും ഡ്രൈവറുടെ ശമ്പളവും ഉൾപ്പെടെ വഹിച്ച് കിലോമീറ്ററിന് 55 രൂപ നിരക്കിൽ ബസ് നൽകാൻ കോട്ടയത്തെ സ്വകാര്യ ബസുടമകളുടെ കൂട്ടായ്മ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.




