തൃശൂർ ബി.ജെ.പിയിൽ വീണ്ടും കള്ളപ്പണ വിവാദം? ഗുരുതര ആരോപണങ്ങളുമായി മുൻ ഓഫീസ് സെക്രട്ടറി

തൃശൂർ: തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിൽ 17 ചാക്കുകളിലായി 25 കോടിയോളം രൂപയുടെ കള്ളപ്പണം എത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി അക്ഷയ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടുദിവസം മുൻപ് എത്തിയ ഈ പണം ജില്ലാ ഓഫീസിലെ രണ്ടാം നിലയിലും ഗാന്ധിനഗറിലെ ഒരു വീട്ടിലുമായാണ് സൂക്ഷിച്ചിരുന്നതെന്നും ഓഫീസിലെ ട്രഷററോ ഓഫീസ് സെക്രട്ടറിയോ അല്ല, പകരം മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം കൈകാര്യം ചെയ്തതെന്നും അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഉച്ചയോടെ ഈ പണം ഓഫീസിൽ നിന്ന് മാറ്റിയെന്നും തെളിവുകൾ നശിപ്പിക്കുന്നതിനായി അന്നത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ സംഘടനാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മാറ്റി സ്ഥാപിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയതിനാലാണ് തന്നെ തസ്തികയിൽ നിന്ന് മാറ്റിയതെന്നും സംഭവങ്ങൾ വിശദീകരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ അയച്ചിട്ടുണ്ടെന്നും അക്ഷയ് വ്യക്തമാക്കി.
വിഷയം പുറത്തുപറഞ്ഞതോടെ തനിക്ക് വധഭീഷണിയുണ്ടെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം കെ.പി. സുരേഷ്, അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. കെ.ആർ. ഹരി, സുജയ് സേനൻ എന്നിവർക്കായിരിക്കുമെന്നും അക്ഷയ് കൂട്ടിച്ചേർത്തു. നേരത്തെ ഉയർന്ന ഫണ്ട് വെട്ടിപ്പ് ആരോപണങ്ങൾക്ക് തൊട്ടുപിന്നാലെ പുതിയ വെളിപ്പെടുത്തൽ എത്തിയത് തൃശൂർ ബി.ജെ.പിയിൽ വലിയ പ്രകമ്പനമാണ് സൃഷ്ടിച്ചിരിക്കുന്നത്.




