നീറ്റ് വിഷയത്തിൽ നിർണായക ചർച്ച; ജെ.പി. നദ്ദയെ വീണ്ടും കണ്ട് കേന്ദ്ര പ്രതിനിധികൾ

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വവുമായി ഇന്ന് ഉച്ചയ്ക്ക് കേന്ദ്രം ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. കേന്ദ്രമന്ത്രി ജെ പി നദ്ദയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നീറ്റ് ക്രമക്കേടിലാണ് ചർച്ച. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് കേന്ദ്ര സർക്കാരിന് സിജെപി മുന്നറിയിപ്പ് നൽകിയിരുന്നു. കണ്ടത് ട്രെയിലർ മാത്രമാണെന്നും ഇനി ദശലക്ഷക്കണക്കിന് പ്രതിഷേധക്കാർ ഡൽഹിയിലേക്ക് എത്തുമെന്നും സാഹചര്യം മോശമാകുമെന്നും സിജെപി വക്താവ് അശുതോഷ് രംഗ അറിയിച്ചത്. പിന്നാലെയാണ് ചർച്ച നടക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.അതേസമയം, കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ സിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് പെല്ലറ്റ് ഗൺ പ്രയോഗിച്ചെന്ന വാദവും ഇതിനിടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
പരിക്കേറ്റ പ്രതിഷേധക്കാരന്റെ കണ്ണിൽ നിന്നും ശസ്ത്രക്രിയയിലൂടെ പെല്ലറ്റ് നീക്കം ചെയ്തതായി ആശുപത്രി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇയാളുടെ നെഞ്ചിലും കഴുത്തിലുമുള്ള പെല്ലറ്റുകൾ നീക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ഇത്തരത്തിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന ആരോപണവും ഉയരുന്നുണ്ട്. സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് കേസുകളാണ് ഡൽഹി പൊലീസ് എടുത്തിട്ടുള്ളത്.
ഇതിനിടെ പ്രതിഷേധക്കാർ രാജ്യദ്രോഹികളാണെന്ന തരത്തിൽ ബിജെപി വാദം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിനിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞുവെന്ന തരത്തിൽ വീഡിയോകൾ പ്രചരിച്ചിരുന്നു. ഇവർ വിദ്യാർത്ഥികളല്ല ഗുണ്ടകളാണ് എന്ന തരത്തിലായിരുന്നു പ്രചാരണം.




