പാലാ നഗരസഭയിൽ വിപ്പ് ലംഘനം; കൗൺസിലർമാരെ അയോഗ്യരാക്കാൻ കോൺഗ്രസ്

കോട്ടയം: പാലാസഗരസഭയിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്കെതിരെ നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമം ഉപയോഗിച്ച് ഇവരെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യരാക്കാനാണ് കോൺഗ്രസിന്റെ നീക്കം. വിപ്പ് ലംഘിച്ച കൗൺസിലർമാരായ ബിജു മാത്യൂസ്, രജിത പ്രകാശ്, ടോണി തൈപ്പറമ്പിൽ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു.
കൗൺസിലർമാർ പാർട്ടി വിപ്പ് ലംഘിച്ചത് കടുത്ത അച്ചടക്കലംഘനമാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. നഗരസഭാദ്ധ്യക്ഷ ദിയാ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോൺഗ്രസ് കൗൺസിലർമാരും സ്വതന്ത്ര അംഗമായ ഉപാദ്ധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയിൽ ഭരണപക്ഷത്ത് വിള്ളലുണ്ടായത്. സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമായതോടെയാണ് പ്രതിപക്ഷമായ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു.
അവിശ്വാസപ്രമേയം പാസായതോടെ ദിയ ബിനു പുളിക്കക്കണ്ടത്തിന് ചെയർപേഴ്‌സൺ സ്ഥാനം നഷ്ടമായി. ഒരംഗത്തിന്റെ ഭൂരിപക്ഷത്തിലായിരുന്നു പാലായിൽ യുഡിഎഫ് ഭരണം നടത്തിയിരുന്നത്. ആകെ 26 സീറ്റിൽ 14 ആയിരുന്നു കേവലഭൂരിപക്ഷം.അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് കൗൺസിലർമാർക്ക് വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് നാലുപേർ എത്തിയത്. തങ്ങൾക്ക് വിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കൗൺസിലർമാരുടെ വാദം. എന്നാൽ, ഇവർക്ക് വിപ്പ് നൽകിയതിന് ദൃക്‌സാക്ഷികളുണ്ടെന്ന് കോട്ടയം ഡിസിസി പ്രസിഡനറ് സുരേഷ് വ്യക്തമാക്കി.




