വി.എസ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുത്തവരോട് ക്ഷമിക്കില്ല! സജി ചെറിയാൻ

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടിയും രക്തസാക്ഷികളായ സഖാക്കൾക്കൊപ്പവും അവസാന നിമിഷം വരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വലിയൊരു കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് വി.എസ് എന്ന് സജി ചെറിയാൻ. ആലപ്പുഴ വലിയചുടുകാട്ടിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവേ, വി.എസ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുത്തവരോട് ക്ഷമിക്കില്ലായിരുന്നുവെന്നും ആലപ്പുഴയിൽ പാർട്ടി തിരിച്ചടികൾ മറികടന്ന് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര-വയലാറിന്റെ സമരനായകനായ വി.എസിന് പ്രശസ്ത വാസ്തുശിൽപ്പി ജി. ശങ്കറിന്റെ രൂപരേഖയിൽ വലിയചുടുകാട്ടിൽ നിർമ്മിച്ച സ്മാരകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നാടിന് സമർപ്പിച്ചു.
വി.എസ് സ്മാരക ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് അഞ്ചിന് ചേരുന്ന അനുസ്മരണ പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് വിവിധ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവമ്പാടി, കളർകോട് ജങ്ഷനുകളിൽ നിന്ന് പ്രകടനങ്ങൾ ആരംഭിക്കും.




