ബംഗാളിൽ വീണ്ടും ഓപ്പറേഷൻ ബുൾഡോസർ, പൊളിച്ചടുക്കിയത് തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ ഓഫീസ്

കൊൽക്കത്ത: ബംഗാളിൽ വീണ്ടും ഓപ്പറേഷൻ ബുൾഡോസർ. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭാ എം.പിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസിനുനേരെയാണ് നടപടിയുണ്ടായത്. അംഗീകൃത പ്ലാനില്ലാതെയും നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചുമാണ് അഞ്ച് നില കെട്ടിടം നിർമ്മിച്ചതെന്ന് ആരോപിച്ചായിരുന്നു അധികൃതരുടെ നടപടി. അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള അംതലയിലെ ഓഫീസാണ് തകർത്തത്.
ബംഗാൾ പൊലീസിനൊപ്പം കേന്ദ്ര സായുധ സേനയെയും സ്ഥലത്ത് വിന്യസിച്ച് കനത്ത സുരക്ഷയൊരുക്കിയശേഷമായിരുന്നു പൊളിക്കൽ നടപടികൾ.നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി അംതലയിലെ ബിജെപി എംഎൽഎ അഗ്നിശ്വർ നസ്‌കർ നടപടിയെ സ്വാഗതം ചെയ്തു. കെട്ടിടം പൊളിച്ചതോടെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ആഹ്ളാദപ്രകടനം നടത്തുകയും ചെയ്തു.അനധികൃത നിർമാണം സംബന്ധിച്ച് ലഭിച്ച പരാതികളെത്തുടർന്നാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ബന്ധപ്പെട്ട കക്ഷികൾക്ക് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നുവെന്നും അവർ അറിയിച്ചു.ഓഫീസ് സ്ഥിതിചെയ്തിരുന്ന ഭൂമി ‘ലീപ്സ് ആൻഡ് ബൗണ്ട്സ്’ എന്ന കമ്പനിയുടെ പേരിലാണ് . ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയിൽ വ്യക്തത വരുത്താനും നോട്ടീസുകളിൽ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ടവർക്ക് നൽകിയ രണ്ട് നോട്ടീസുകൾക്കും മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ അധികൃതർ തീരുമാനിച്ചതെന്ന് ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. എന്നാൽ തൃണമൂൽ കോൺഗ്രസ് സംഭവത്തിൽ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.



