News

പയ്യന്നൂരിൽ ഒന്നര വയസുകാരന്റെ മരണം; അനസ്‌തീഷ്യയുടെ ആവശ്യമില്ലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കണ്ണൂർ: പയ്യന്നൂരിൽ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്‌തീഷ്യ നൽകിയതിനെത്തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്‌സിജൻ കിട്ടാത്തതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. ജനറൽ അനസ്‌തീഷ്യ നൽകിയുള്ള ശസ്‌ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും കുട്ടിയുടെ ചുണ്ടിലും താടിയിലുമുള്ലത് ആഴത്തിലുള്ള മുറിവുകൾ അല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

പരിയാരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. അനസ്‌തേഷ്യ നൽകി പത്ത് മിനിട്ടിനകം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. ഇതോടെ ബോധരഹിതനായ കുട്ടി അഞ്ച് ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. അനസ്‌തീഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെതിരെ കേസെടുത്തിട്ടുണ്ട്. പീടിയാട്രീഷ്യൻ ഡോ. ആശ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലുണ്ട്.

ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫാണ്. മൂന്നുപേരും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്‌മെന്റിനെ പൊലീസ് അറിയിച്ചിട്ടുണ്ട്.മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കണ്ണൂർ ഡിഎംഒയ്‌ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂർ ഡിവൈഎസ്‌പി കത്ത് നൽകിയിരുന്നു. പൊലീസ് ശേഖരിച്ച ചികിത്സാ രേഖകൾ മെഡിക്കൽ ബോർഡിന് കൈമാറും. ഇവരുടെ റിപ്പോർട്ട് ലഭിച്ചശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button