News

വിയറ്റ്നാം ബോട്ട് ദുരന്തം: മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം നാളെ

തിരുവനന്തപുരം: തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞുമരിച്ച വിക്ടറി ഗ്രൂപ്പ് ഉടമ കൊട്ടാരക്കര ചന്തമുക്ക് കൃപനഗർ ആവിയോട്ട് വീട്ടിൽ എ.വി.തോമസ് (57, ജോമോൻ), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നുരാവിലെ ഒമ്പതുമണിയോടെ എയർഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.

മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ മൃതദേഹം ഏറ്റുവാങ്ങി.നോർക്ക പ്രതിനിധികളും കൊട്ടാരക്കരയിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രിമാർ അന്തിമോപചാരം അർപ്പിച്ചു.

നോർക്ക ഏർപ്പെടുത്തിയ ആംബുലൻസുകളിലാണ് മൃതദേഹം കൊട്ടാരക്കരയിൽ എത്തിക്കുക.നാളെ വൈകിട്ട് നാലുമണിക്ക് കൊട്ടാരക്കര മാർത്തോമ്മ വലിയപള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കാരം നടത്തും. കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിൽ കഴിഞ്ഞദിവസം മൃതദേഹം മുംബയ് വിമാനത്താവളത്തിൽ എത്തിച്ചിരുന്നു.മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച് കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണം നോർക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ബോട്ടപകടത്തിൽ 15 ഇന്ത്യക്കാരാണ് മരിച്ചത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട 15 പേർ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ ഒരാൾ മാത്രമാണ് ചികിത്സയിലുള്ളത്. അപകടവുമായി ബന്ധപ്പെട്ട് ബോട്ടിന്റെ ക്യാപ്റ്റനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ക്യാപ്‌റ്റന്റെ ഭാഗത്ത് നിന്ന് നിയമലംഘനം ഉണ്ടായെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു അറസ്റ്റ്. ബോട്ടിലെ ജീവനക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമായതായി പൊലീസ് പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button