News

വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും യോജിച്ചാണ് പ്രവർത്തിക്കുന്നത്! സിപിഎമ്മിൽ വിഭാഗീയതയെന്ന വാർത്തകൾ തള്ളി വി. ജോയി

തിരുവനന്തപുരം സിപിഎമ്മിൽ വൻ വിഭാഗീയത നിലനിൽക്കുന്നുവെന്ന മാധ്യമ വാർത്തകളെ പൂർണ്ണമായി തള്ളി ജില്ലാ സെക്രട്ടറി വി. ജോയി രംഗത്ത്. വിഴിഞ്ഞത്തെ പാർട്ടി പരിപാടിയിൽ നിന്ന് വി. ശിവൻകുട്ടിയെ ബോധപൂർവ്വം ഒഴിവാക്കിയെന്നത് വ്യാജ പ്രചാരണമാണെന്നും, കോവളം ഏരിയ കമ്മിറ്റി പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയായതിനാലാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും പാർട്ടിയുമായി ചേർന്ന് പൂർണ്ണ യോജിപ്പിലാണ് പ്രവർത്തിക്കുന്നതെന്നും, വിവിധ സമര പരിപാടികളുമായി മുന്നോട്ട് പോകുന്ന പാർട്ടിയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും കടകംപള്ളിയെ സാക്ഷിനിർത്തി വി. ജോയി മാധ്യമങ്ങളോട് പ്രതികരിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിലൂടെ വലിയ കൊള്ളയാണ് നടക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. വിഷയത്തിൽ ഇ.പി. ജയരാജൻ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും, വിഴിഞ്ഞം മുൻ എം.ഡി ദിവ്യ എസ്. അയ്യരെ സ്ഥാനത്തുനിന്ന് മാറ്റാൻ നേരത്തെയും ചില നീക്കങ്ങൾ നടന്നിരുന്നതായും കടകംപള്ളി വെളിപ്പെടുത്തി. പാർട്ടിയിൽ യാതൊരുവിധ ആഭ്യന്തര തർക്കങ്ങളുമില്ലെന്നും വിഴിഞ്ഞം വിഷയത്തിൽ ഉയർന്നുവന്ന അഴിമതികൾക്കെതിരെ ശക്തമായ പ്രതിരോധവുമായി പാർട്ടി മുന്നോട്ട് പോകുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button