സുരക്ഷാ വെല്ലുവിളികൾ ചർച്ചയ്ക്ക്; ദക്ഷിണേന്ത്യൻ ഡിജിപിമാർ കേരളത്തിലേക്ക്

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുടെ യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായുള്ള യോഗമാണ് നടക്കുക. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ഈ യോഗം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിലെ പുതിയൊരു സഹകരണ മാതൃകയുടെ തുടക്കമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ലഹരി ഒഴുകുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് യോഗമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെ സപ്ലൈ ചെയിന്‍ നിലനില്‍ക്കുന്നത് അയല്‍സംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമാണ്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് താഴേത്തട്ടിലുള്ള പൊലീസ് നടപടികള്‍ക്കൊപ്പം മാക്രോ ലെവലിലുള്ള അന്തര്‍സംസ്ഥാന സുരക്ഷാ ഏകോപനത്തിനും ആഭ്യന്തര വകുപ്പ് മുന്‍ഗണന നല്കുന്നു.
ലഹരി സിന്‍ഡിക്കേറ്റുകളുടെ വേരറുക്കാന്‍ പ്രാദേശിക പ്രതിരോധത്തിനൊപ്പം അയല്‍സംസ്ഥാനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത പ്രതിരോധ ശൃംഖല എന്ന ഘട്ടത്തിലേക്ക് ഓപ്പറേഷന് തൂഫാന് കടക്കുകയാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.അയല്‍സംസ്ഥാനങ്ങളുമായി ‘ഇന്റലിജന്‍സ് സിന്‍ക്രോണിസിറ്റി’ അഥവാ തത്സമയ വിവര കൈമാറ്റ സംവിധാനമാണ് കേരളം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരു വിധാന്‍സൗധയില്‍ കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ‘ഓപ്പറേഷന് തൂഫാനു’മായി കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഇതോടൊപ്പം, തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൂടി ഒരു കേന്ദ്രീകൃത ശൃംഖലയിലേക്ക് കൊണ്ടുവരുന്നതിലൂടെ ലഹരിക്കടത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെയും ഇടപാടുകളെയും കൃത്യമായി മാപ്പ് ചെയ്യാന്‍ കേരളാ പൊലീസിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു


