KeralaNews

കള്ളാടി മണ്ണിടിച്ചില്‍; കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട്, മൃതദേഹം വിട്ടുനല്‍കാന്‍ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി

വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ മൃതദേഹം വിട്ടുനല്‍കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. പരിക്കേറ്റവരുടെ ചികിത്സാചെലവ് ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.അതേസമയം കരാര്‍ കമ്പനിയെ കുറ്റപ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മണ്ണ് നീക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും കരാര്‍ കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യഘട്ടം മുതല്‍ക്കേ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണവും ഇതുതന്നെയാണ്. ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാധ്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയും പറഞ്ഞു. എന്ത് പ്രവൃത്തി നടക്കുമ്പോഴാണ് ദുരന്തമുണ്ടായതെന്ന് അന്വേഷിക്കണമെന്നും കെഎസ്ഡിഎംഎ ആവശ്യപ്പെട്ടു. മണ്ണിടിച്ചിലുണ്ടായ ദിവസത്തെ മഴ മുന്നറിയിപ്പിലും അന്വേഷണം വേണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കെഎസ്ഡിഎംഎ കോടതിയെ ഇക്കാര്യം ബോധിപ്പിച്ചത്.

നിലവില്‍ ദുരന്തമുഖത്തെ പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള്‍ സ്വദേശി രാകേഷ് ഗുതൈച്ചിന്റേതാണ്. കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങള്‍ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button