വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ഗതാഗത മന്ത്രി സി. പി. ജോൺ വ്യക്തമാക്കി. സുരക്ഷയെ ബാധിക്കുന്നതും അമിത ശബ്ദവും വെളിച്ചവും സൃഷ്ടിക്കുന്നതുമായ മോഡിഫിക്കേഷനുകൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ അടുത്ത 100 ദിവസത്തിനുള്ളിൽ ചില നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മിതമായ പരിഷ്കാരങ്ങൾ അനുവദിക്കാമെങ്കിലും ശബ്ദം വർധിപ്പിക്കുന്നതോ, അമിത വെളിച്ചം പുറപ്പെടുവിക്കുന്നതോ, തീപ്പൊരി പറത്തുന്ന തരത്തിലുള്ള മാറ്റങ്ങളോ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മോഡിഫിക്കേഷനുകൾ ചെയ്യുന്നവർ സ്വയം പരിധി നിശ്ചയിക്കണമെന്നും നിയമലംഘനത്തിൽ വലുതോ ചെറുതോ എന്ന വ്യത്യാസം കാണാനാകില്ലെന്നും മന്ത്രി പറഞ്ഞു. മോഡിഫിക്കേഷനുകൾക്ക് ചുമത്തേണ്ട ഫീസുകളും ചാർജുകളും സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൊട്ടാരക്കരയിൽ ടിപ്പർ ലോറി അപകടത്തിൽ സ്കൂൾ വിദ്യാർത്ഥിയുൾപ്പെടെ ജീവൻ നഷ്ടമായ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് കൂടുതൽ കർശന നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടിപ്പർ ലോറികൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കാൾ പെർമിറ്റ് റദ്ദാക്കൽ പോലുള്ള കടുത്ത നടപടികളാണ് കൂടുതൽ ഫലപ്രദമെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത സമയത്താണ് കൊട്ടാരക്കരയിലെ അപകടം നടന്നതെന്നും, ഏതാനും മണിക്കൂർ അധിക നിയന്ത്രണം കൊണ്ടുമാത്രം പ്രശ്നപരിഹാരം ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയന്ത്രിത സമയത്തിന് പുറത്തുള്ള സമയങ്ങളിൽ കൂടുതൽ അപകടകരമായ വേഗത്തിൽ വാഹനങ്ങൾ ഓടിക്കാനുള്ള സാധ്യതയുണ്ടെന്നും, അത് അപകടസാധ്യത വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർമാർ സ്വയം നിയന്ത്രണം പാലിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരുകയും ചെയ്താൽ മാത്രമേ ഇത്തരം അപകടങ്ങൾ കുറയ്ക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




