KeralaNews

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം: മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, കെഎസ്ആർടിസി ജീവനക്കാരൻ അജയ്യൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാല്‍, ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

വളവില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ട്യൂഷന് പോകാന്‍ വേണ്ടി കാത്തിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ അപകടം നടന്ന സ്ഥലത്ത് മണ്ണിനടിയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് നിഗമനം.

ആശുപത്രികളില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടര്‍മാരുമായും ആരോഗ്യമന്ത്രി സംസാരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡി എം ഇ എന്നിവര്‍ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അപകട സ്ഥലത്തേക്ക് പോകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണയും പ്രതികരിച്ചു. വളരെ വേഗതയില്‍ ടിപ്പല്‍ ലോറി ഇടിച്ചെന്നാണ് പ്രാഥമിക വിവരമെന്നും ടിപ്പര്‍ ലോറിയുടെ യാത്രാ സമയം പുനപരിശോധന നടത്തുമെന്നും മന്ത്രി പ്രതികരിച്ചു. വളരെ വേദനയുണ്ടാക്കുന്ന നാടിനെ ഞെട്ടിച്ച അപകടമാണുണ്ടായതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതികരിച്ചു.

എട്ടു പേരാണ് അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. മണ്ണ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയും മണ്ണുമടക്കം ഇവരുടെ മേല്‍ പതിക്കുകയാണ് ഉണ്ടായത്. പ്രദേശത്തെ ഒരു മതിലും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നിട്ടുണ്ട്. രണ്ട് റോഡുകള്‍ കൂടിയ കവലയിലാണ് സംഭവം. വളവു തിരിഞ്ഞ് എത്തിയ ടിപ്പര്‍ എതിരെ വന്ന ബൈക്കിലിടിച്ച് നിയന്ത്രണം വിട്ടതാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. രാവിലെ 7 മണിയോടെയായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button