‘പ്രായം വെറും സംഖ്യ മാത്രം’; യോഗയുടെ പ്രാധാന്യം വ്യക്തമാക്കി മോദി

കൊൽക്കത്ത: വ്യക്തിജീവിതത്തിന് മാത്രമല്ല, ലോകത്തിന്റെ മികച്ച ഭാവിക്കും യോഗ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്‌ട്ര യോഗദിനത്തിൽ കൊൽക്കത്തയിലെ പ്രശസ്‌തമായ റെഡ് റോഡിൽ എത്തിച്ചേർന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
കേവലം ഒരു ദിവസത്തെ ആഘോഷമായി യോഗയെ കാണരുതെന്നും മെച്ചപ്പെട്ട ആരോഗ്യത്തിനായി വർഷം മുഴുവൻ അത് പരിശീലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. പ്രായമാർക്ക് മാത്രമല്ല, എല്ലാ പ്രായത്തിലും ഉള്ളവർക്ക് യോഗ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായം കൂടുന്നതിന് അനുസരിച്ച് മനുഷ്യന്റെ കഴിവുകൾ കുറയാതിരിക്കാൻ യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.30-ാമത്തെ വയസ്സിൽ ആയിരുന്നതിനേക്കാൾ 50-ാമത്തെ വയസ്സിൽ കൂടുതൽ ഊർജ്ജസ്വലരാകുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.
50 വയസ്സിൽ നമ്മൾ ആയിരുന്നതിനേക്കാൾ 70-ാമത്തെ വയസ്സിൽ ജീവിതശൈലി രോഗങ്ങളെ കൂടുതൽ പ്രതിരോധിക്കണം. ഇവിടെയാണ് യോഗ നമ്മെ സഹായിക്കുന്നത്. നമ്മുടെ ശരീരത്തെ വഴക്കമുള്ളതാക്കാൻ യോഗ നമ്മെ സഹായിക്കും. ഇത് നമ്മുടെ ഊർജ്ജനില വർദ്ധിപ്പിക്കും. ശാന്തമായിരിക്കാനും സമ്മർദ്ദരഹിതമായ ജീവിതം നയിക്കാനും ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താനും ഇത് സഹായിക്കും. പതിവ് പരിശീലനത്തിലൂടെ, നമ്മുടെ ശരീരത്തെയും മനസ്സിനെയും കുറിച്ച് ജീവിതകാലം മുഴുവൻ നിരീക്ഷണങ്ങൾ നടത്താൻ യോഗ നമ്മെ പഠിപ്പിക്കുന്നു.
നമ്മൾ നമ്മെത്തന്നെ കൂടുതൽ അറിയുന്തോറും നമുക്ക് സ്വയം നന്നായി കൈകാര്യം ചെയ്യാൻ കഴിയും’.- നരേന്ദ്ര മോദി പറഞ്ഞു.രാമകൃഷ്‌ണ പരമഹംസൻ, സ്വാമി വിവേകാനാന്ദൻ തുടങ്ങിയവർ യോഗയെ ലോകത്തിന് പരിചയപ്പെടുത്തിയ ബംഗാളിൽ ചടങ്ങ് സംഘടിപ്പിച്ചത് സവിശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാൾ ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവരും പ്രധാനമന്ത്രിയ്‌ക്കൊപ്പം കൊൽക്കത്തയിലെ ചടങ്ങിൽ പങ്കെടുത്തു.



