News

ദുരിതത്തിൽ മുങ്ങിയ പാകിസ്ഥാൻ പെട്രോളിന് കുറച്ചത് 74 രൂപ; ഡീസലിന് 64,​ ഇന്ത്യ കുറയ്ക്കാത്തതിന് പിന്നിലെ കാരണങ്ങൾ

ഇസ്ലാമാബാദ്: ആഗോളതലത്തിൽ ഊർജ്ജ വിതരണം പ്രതിസന്ധിയിലാക്കാൻ കാരണമായ ഒന്നാണ് ഇറാൻ-യുഎസ് സംഘർഷം. യുദ്ധത്തിന് താത്കാലിക വിരാമമിട്ടതോടെ ലോകം കുറച്ച് മാസങ്ങളായി അനുഭവിച്ചിരുന്ന പ്രതിസന്ധികൾ അവസാനിക്കാൻ പോകുകയാണ്. ഊർജ പ്രതിസന്ധിക്ക് വഴിവച്ച ഹോർമൂസ് കടലിടുക്ക് ഔദ്യോഗികമായി തുറന്നു. കടലിൽ വിതറിയ മൈനുകൾ നീക്കുന്നതോടെ ക്രൂഡോയിലുമായി കപ്പലുകളുടെ സഞ്ചാരം പൂർവസ്ഥിതിയിലാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഈ നീക്കം വലിയ ആശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഹോർമൂസ് തുറന്നതോടെ ബ്രെന്റ് ക്രൂഡ് വില 75 ഡോളറായി ഇടിഞ്ഞു. ക്രൂഡ് പ്രതിസന്ധികാരണം രാജ്യത്ത് രണ്ടു മാസത്തിനിടെ പെട്രോൾ വില 8 രൂപവരെ കൂട്ടിയിരുന്നു. കുത്തനേ ഉയർത്തിയ പെട്രോൾ, പാചകവാതക വില ഇനി എപ്പോൾ കുറയുമെന്ന കാത്തിരിപ്പിലാണ് ഇന്ത്യക്കാർ. എന്നാൽ ഇതിനിടെ സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പുകുത്തിനിൽക്കുന്ന പാകിസ്ഥാൻ പെട്രോൾ വില വലിയ തോതിൽ കുറച്ചിരിക്കുകയാണ്.ഇറാൻ-യുഎസ് സംഘർഷം സമാധാന കരാറിലൂടെ ഒത്തുതീർപ്പായതോടെ പാകിസ്ഥാൻ ഒരു ലിറ്റർ പെട്രോളിന് 74 രൂപയാണ് കുറച്ചത്.

അന്താരാഷ്ട്ര വിലയിലെ ഇടിവിന്റെ മുഴുവൻ ഗുണവും ഉപഭോക്താക്കൾക്ക് നൽകുകയാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച സംഘർഷം രൂക്ഷമായതോടെയാണ് ആഗോള എണ്ണ വ്യാപാരത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ വിതരണം തടസപ്പെട്ടത്. ക്രൂഡ് വില കുതിച്ചതോടെ ഇറക്കുമതിയെ ആശ്രയിക്കുന്ന പാകിസ്ഥാൻ എണ്ണവില കുത്തനെ കൂട്ടുകയായിരുന്നു.

ഒരു ലിറ്റർ പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയും കുറയ്ക്കുകയാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. പ്രാദേശിക സാമ്പത്തിക സ്ഥിതിയിലുണ്ടായ പുരോഗതിയും ആഗോള എണ്ണവിലയിലെ ഇടിവിനെ തുടർന്നുണ്ടായ ഗുണം ഉപഭോക്താക്കൾക്ക് നൽകാനാണ് സർക്കാർ തീരുമാനം. പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ രാജ്യത്തിന് നൽകിയ പ്രതിജ്ഞാബദ്ധതയാണ് ഈ നടപടിയിലൂടെ നിറവേറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ-യുഎസ് സംഘർഷം രൂക്ഷമായതോടെ 299 രൂപയുണ്ടായിരുന്ന പെട്രോൾ 373 രൂപയിലേക്കും 311 രൂപയുണ്ടായിരുന്ന ഡീസൽ വില 378 രൂപയിലേക്കും ഉയർത്തിയിരുന്നു.

അതേസമയം, സാമ്പത്തിക മാന്ദ്യമടക്കം വലിയ പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനെ പോലുള്ള രാജ്യം ഇന്ധനവിലയിൽ വലിയ കുറവ് വരുത്തുമ്പോൾ, ഇന്ത്യ എപ്പോൾ കുറയ്ക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. എട്ട് രൂപവരെയാണ് ഇന്ത്യയിൽ ഇന്ധനവില വർദ്ധിച്ചത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജൂലായ് മാസത്തോടെ ഇന്ത്യയിൽ ഇന്ധന വില കുറയ്ക്കുമെന്നാണ് സൂചന. ഉടൻ തന്നെ ഇന്ത്യ പെട്രോൾ വില കുറയ്ക്കാത്തതിനും ചില കാരണങ്ങളുണ്ട്.ഇന്ത്യയിലെ റീട്ടെയിൽ ഇന്ധനവിലയുടെ പകുതിയും സർക്കാരിലേക്കുള്ള നികുതിയാണ്. ഒരു ലിറ്റർ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതിയും സ്‌റ്റേറ്റ് വാല്യു ആഡഡ് ടാക്സും നൽകേണ്ടതുണ്ട്. അതുകൊണ്ട് അന്താരാഷ്ട്ര വിപണിയിൽ എത്ര വില കുറഞ്ഞാലും അതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ലഭിക്കാത്ത സാഹര്യമാണ്.

ആഗോള വിപണിയിൽ വിലക്കയറ്റം ഉണ്ടായപ്പോൾ ഉപഭോക്താക്കൾക്ക് അതിന്റെ ആഘാതം ഏൽക്കാതിരിക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ പലപ്പോഴും ചില്ലറ വിൽപ്പന വില ദീർഘകാലത്തേക്ക് മാറ്റാതെ തുടർന്നിരുന്നു. ഇതുവഴി വലിയ നഷ്ടമാണ് എണ്ണക്കമ്പനികൾക്ക് ഉണ്ടായത്.ഇപ്പോൾ ആഗോളതലത്തിൽ വില കുറയുമ്പോൾ, പ്രതിസന്ധി ഘട്ടത്തിലുണ്ടായ നഷ്ടം നികത്താൻ കമ്പനികൾ ശ്രമിക്കും. ശേഷം മാത്രമേ എണ്ണവില കുറയ്ക്കാനുള്ള ശ്രമം നടത്തുകയുള്ളൂ. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും പണപ്പെരുപ്പം കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളും ഒത്തുവന്നാൽ പെട്രോളിനും ഡീസലിനും അഞ്ച് രൂപ മുതൽ പത്ത് രൂപ വരെ കുറയാൻ സാദ്ധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button