മലയാള സിനിമയ്ക്ക് ഉത്തേജനം; കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി; 100 കോടി വകയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മലയാള സിനിമയുടെ സമഗ്ര വികസനത്തിന് വലിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ. കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. പദ്ധതിക്കായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾക്ക് സ്ഥിരവേദി ഒരുക്കുന്നതിനും സിനിമാ മേഖലയെ വ്യാവസായികമായി ശക്തിപ്പെടുത്തുന്നതിനും സർക്കാർ ലക്ഷ്യമിടുന്നു. സിനിമയ്ക്ക് വ്യാവസായിക പദവി നൽകൽ, ആന്റി പൈറസി സെൽ രൂപീകരണം എന്നിവയും പദ്ധതികളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കലാ-സാംസ്‌കാരിക മേഖലയുടെ വികസനത്തിനും ബജറ്റിൽ പ്രത്യേക പരിഗണന നൽകി. കോഴിക്കോട് ജില്ലയിൽ എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഥകളി, കൂത്ത്, തെയ്യം, തുള്ളൽ, ഒപ്പന, മാപ്പിളപ്പാട്ട്, ഗോത്രകലകൾ ഉൾപ്പെടെ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കാൻ സൗകര്യം ഒരുക്കും.
ലൈബ്രറി, തിയറ്റർ, ആർട്ട് ഗാലറി, ചരിത്ര-സാഹിത്യ-ഭാഷാ മ്യൂസിയം, ഫുഡ് കോർട്ട്, പുസ്തകശാലകൾ എന്നിവയും പാർക്കിൽ ഉൾപ്പെടുത്തും. ഈ പദ്ധതിക്കായി 50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കൂടാതെ, ആർട്ടിസ്റ്റ് നമ്പൂതിരി, നടൻ സലിം കുമാർ എന്നിവരുടെ സ്മരണയ്ക്ക് ഒരു കോടി രൂപ വീതം ബജറ്റിൽ വകയിരുത്തി. ആർട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹകരണത്തോടെ കൾച്ചറൽ ട്രസ്റ്റ് ആൻഡ് മ്യൂസിയം സ്ഥാപിക്കും.
സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണയ്ക്കായി തൃശൂരിൽ മ്യൂസിക് അക്കാദമി ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപയും വകയിരുത്തിയതായി ബജറ്റിൽ വ്യക്തമാക്കുന്നു.




