“രഹസ്യമായി കരാറിൽ ഒപ്പുവെച്ചു; പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരെന്ന് എൻ. ഷംസുദ്ദീൻ”

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാരിന്റെ നടപടികളാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ആരെയും അറിയിക്കാതെ മുൻ സർക്കാർ കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പിട്ടതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് വഴിവെച്ചതെന്നും, പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിക്കാൻ നിലവിൽ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കരാറിലെ തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിൽ നിന്ന് കത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഈ പ്രതികരണം. കേരള സർക്കാർ കേന്ദ്രവുമായി എം.ഒ.യു ഒപ്പിട്ടു എന്നത് ആർക്കും നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. ഒപ്പിടാത്തത് കാരണം കേന്ദ്രം തടഞ്ഞുവെച്ചിരുന്ന എസ്.എസ്.കെ ഫണ്ടുകൾ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ റിലീസ് ചെയ്തു. കരാറിൽ ഒപ്പിട്ട് നാലാം നാൾ 99 കോടി രൂപ കേരളത്തിന് അനുവദിച്ചു. എന്നാൽ ഇത് പിഎം ശ്രീ ഫണ്ടാണെന്ന് ആരും പറഞ്ഞിരുന്നില്ല. ഒപ്പിട്ടവർ തന്നെയാണ് ഈ പ്രതിസന്ധിക്ക് കാരണക്കാർ അദ്ദേഹം പറഞ്ഞു.
ആരെയും അറിയിക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടതിനെച്ചൊല്ലി എൽ.ഡി.എഫ് മുന്നണിക്കുള്ളിൽ തന്നെ വലിയ തർക്കങ്ങൾ ഉടലെടുത്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുന്നണിയിൽ പ്രശ്നങ്ങളായപ്പോഴാണ് തുടർനടപടികൾ മരവിപ്പിക്കാൻ മുൻ സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയത്. ഉപസമിതി അന്തിമ തീരുമാനം എടുക്കുന്നത് വരെ ഒപ്പിട്ട കരാറിലെ നടപടികൾ താല്ക്കാലികമായി നിർത്തിവെയ്ക്കണം എന്ന് മാത്രമാണ് ആ കത്തിൽ ഉണ്ടായിരുന്നതെന്നും മന്ത്രി വിശദീകരിച്ചു. ഗവൺമെന്റുകൾക്ക് തുടർച്ചയുണ്ടെന്നത് യാഥാർത്ഥ്യമാണ്. പദ്ധതിയുടെ അടുത്ത ഘട്ടം സ്കൂളുകൾ തിരഞ്ഞെടുക്കലാണെന്നും, ഉപസമിതിയുടെ വിശദമായ പഠനത്തിന് ശേഷം മാത്രമേ സ്കൂളുകൾ തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും മന്ത്രി എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.




