സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായി; എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് എം.എ. ബേബി

മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകളെയും തിരഞ്ഞെടുപ്പിലെ പാളിച്ചകളെയും പരോക്ഷമായി വിമർശിച്ച് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ഔചിത്യം പാലിക്കേണ്ടിയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. മലപ്പുറം അരീക്കോട് നടന്ന ‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറിലായിരുന്നു പരാമർശം.
ഒരു നേതാവുമായി ബന്ധപ്പെട്ട വ്യക്തിയെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിക്കെതിരെ എതിരാളികൾക്ക് വിമർശന ആയുധമാകുമെന്ന് തോന്നുന്ന സാഹചര്യത്തിൽ, അത്തരം സ്ഥാനാർഥിത്വം ഒഴിവാക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട നേതാവ് തന്നെ ഏറ്റെടുക്കണമെന്നും എം.എ. ബേബി പറഞ്ഞു. തനിക്കു പകരം മറ്റൊരാളെ പരിഗണിക്കാമെന്ന നിലപാട് നേതാക്കൾ സ്വമേധയാ സ്വീകരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂരിലെ സ്ഥാനാർഥി നിർണയത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തിയില്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തിയതും സംസ്ഥാന കമ്മിറ്റി അത് അംഗീകരിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയ വിവാദങ്ങൾ മുൻകൂട്ടി കണ്ട് ആവശ്യമായ ജാഗ്രത പാലിക്കേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, വ്യവസായ മന്ത്രി പി. രാജീവും തിരഞ്ഞെടുപ്പിലെ വിവിധ വീഴ്ചകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തി. പ്രചാരണ മുദ്രാവാക്യങ്ങൾ ജനങ്ങളിൽ പ്രതീക്ഷിച്ച സ്വാധീനം സൃഷ്ടിച്ചില്ലെന്നും, വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്ന മുദ്രാവാക്യം ഫലപ്രദമായില്ലെന്നും പി. രാജീവ് വിലയിരുത്തി.
ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിലും വീഴ്ച സംഭവിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ ഉയരുന്ന ആത്മപരിശോധനയുടെ ഭാഗമായാണ് ഈ പരാമർശങ്ങളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.



