മൂന്നാം ടേം ഭരണ പ്രതീക്ഷ തെറ്റി; പാർട്ടി പരാജയം ഉൾക്കൊള്ളണം, ആശയപരമായ വീഴ്ച അംഗീകരിച്ച് എം.വി. ഗോവിന്ദൻ

തൃശൂർ: മൂന്നാം ടേം ഭരണം പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാൽ അത് സാധിക്കാതെ പോയതിൽ പാർട്ടി ഉൾക്കൊള്ളേണ്ട പാഠങ്ങളുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൃശൂരിൽ നടന്ന ഇഎംഎസ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാജയം സംഭവിക്കുമെന്ന് പാർട്ടി സെക്രട്ടേറിയറ്റിന് മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും, “മൂന്നാം പിണറായി സർക്കാർ” എന്നത് പൊതുജന ധാരണയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് പരാജയത്തിന് പല കാരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ജനകീയ മനോഭാവത്തിലേക്ക് അതിവേഗം മാറിയതും, ആശയപരമായ ഉള്ളടക്കം നഷ്ടപ്പെട്ടതും പ്രധാന വീഴ്ചകളിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി പ്രവർത്തനം കമ്മിറ്റികൾ ചേർന്നുള്ള നടപടികളിലൊതുങ്ങരുതെന്നും, അതിന്റെ ആശയ ഉള്ളടക്കമാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളും ആക്രമണങ്ങളും ജനങ്ങളിലേക്ക് ശരിയായി എത്തിക്കാൻ കഴിയാത്തതും പരാജയത്തിന് കാരണമായതായി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയുടെ ആശയപരമായ ഉള്ളടക്കം ശക്തമായി കൈകാര്യം ചെയ്യേണ്ടത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിഷയത്തിലും പ്രതികരിച്ച അദ്ദേഹം, ചിലർ ആർഎസ്എസ് പ്രവർത്തകരായി മാറുന്നുവെന്ന നിലപാട് ആവർത്തിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഹിന്ദുവൽക്കരണ ശ്രമങ്ങളെയും അദ്ദേഹം വിമർശിച്ചു.




