ഗ്യാസ് സിലിണ്ടർ തുറന്ന് വീടിനുള്ളിൽ ഭീതി സൃഷ്ടിച്ചു; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോട്ടയം: കോട്ടയത്ത് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം. കോട്ടയം കൂട്ടിക്കൽ സ്വദേശി ഇബ്രാഹിമിനെ പൊലീസും ഫയർഫോഴ്സും ചേർന്ന് പിടികൂടി. ഇന്ന് രാവിലൊണ് ഇബ്രാഹിം വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ഇയാൾ വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെടാനും ശ്രമിച്ചു.
ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ച് പല തരത്തിലുള്ള വിഭ്രാന്തികൾ കാണിക്കുന്നയാളാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാളുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഈ സംഭവത്തിന്റെ കാരണത്തെക്കുറിച്ച് പൊലീസ് പറയുന്നത്, ഇയാൾ രാവിലെ മുതൽ അക്രമാസക്തനാകുകയും വീട്ടിൽ ബഹളം വെക്കുകയും ചെയ്തിരുന്നു. രാവിലെ ഇബ്രാഹിം ബഹളം വച്ചതോടെ അമ്മയും സഹോദരിയും വിട് വിട്ടിറങ്ങി.
ഇതിന് പിന്നാലെയാണ് ഇബ്രാഹിം സിലിണ്ടർ തുറന്ന് വിട്ടത്. ഗ്യാസിന്റെ ഗന്ധം വന്നതിനെ തുടർന്ന് പരിഭ്രാന്തരായ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വളരെ പണിപ്പെട്ടാണ് ഇയാളെ പിടികൂടിയത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട്പോകും വഴി ഇയാൾ ജീപ്പിൽ നിന്ന് പുറത്തേക്ക് ചാടി. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.




