News

മമത ബാനർജിയുടെ പുസ്തകങ്ങൾ ലൈബ്രറികളിൽ നിന്ന് നീക്കം ചെയ്യാൻ ബംഗാൾ സർക്കാർ നീക്കം

കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി എഴുതിയ പുസ്തകങ്ങൾ ലൈബ്രറികളിൽ നിന്ന് ഒഴിവാക്കാനൊരുങ്ങി സർക്കാർ. പുസ്തകങ്ങൾ സംസ്ഥാനത്തെ സർക്കാർ ലൈബ്രറികളിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് ലൈബ്രറി സർവീസ് മന്ത്രി ഗൗരി ശങ്കർ ഘോഷ് സൂചന നൽകി. ലൈബ്രറികളിലെ പുസ്തകശേഖരം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.

അറിവും ബൗദ്ധിക വികാസവും ദേശീയ ചിന്താഗതിയും വളർത്തുന്ന പുസ്തകങ്ങൾക്കാണ് ലൈബ്രറികളിൽ മുൻഗണന നൽകേണ്ടതെന്ന് മന്ത്രി ഗൗരി ശങ്കർ ഘോഷ് പറഞ്ഞു. മമത ബാനർജിയുടെ ‘എപാങ് ഓപാങ് ഝപാങ്’ പോലുള്ള പുസ്തകങ്ങൾക്ക് സർക്കാർ ധനസഹായം നൽകുന്ന ലൈബ്രറികളിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായന പ്രോത്സാഹിപ്പിക്കുന്നതിനും യുവതലമുറയുടെ മാനസിക വികാസത്തിനും സഹായിക്കുന്ന സാഹിത്യസൃഷ്ടികൾക്കായിരിക്കണം ലൈബ്രറികളിലെ സ്ഥലം മാറ്റിവെക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറിവ് നേടാൻ സഹായിക്കുന്ന പുസ്തകങ്ങൾ നിലനിർത്തുമെന്നും അനാവശ്യമായ പുസ്തകങ്ങൾ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, രവീന്ദ്രനാഥ ടാഗോർ, കാസി നസ്രുൽ ഇസ്‌ലാം, സ്വാമി വിവേകാനന്ദൻ തുടങ്ങിയ സാഹിത്യ-ആത്മീയ പ്രതിഭകളുടെ കൃതികളും ഛത്രപതി ശിവജി മഹാരാജ്, മഹാറാണാ പ്രതാപ് എന്നിവരുൾപ്പെടെയുള്ള ചരിത്രപുരുഷന്മാരുടെ ജീവചരിത്രങ്ങളും ലൈബ്രറികളിൽ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button